കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ ആദ്യ അരമണിക്കൂറില്‍ മിച്ച പോളിംഗ് രേഖപ്പെടുത്തി. അരമണിക്കൂറിനുള്ളില്‍ തന്നെ 2.42 പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടില്‍ 2.3 ശതമാനം, പാലക്കാട്ട് 2.21 ശതമാനം, തൃശൂരില്‍ 2.36 ശതമാനം, എറണാകുളം 2.47 ശതമാനം, കോട്ടയം 2.37 ശതമാനം എന്നിങ്ങനെയാണ് ആദ്യ അരമണിക്കൂറില്‍ പോളിംഗ്. കോര്‍പറേഷന്‍ പരിശോധിക്കുകയെങ്കില്‍ 2.45 ശതമാനം എറണാകുളവും തൃശൂരില്‍ 2.39 ശതമാനവും വോട്ട് ആദ്യ അരമണിക്കൂറില്‍ രേഖപ്പെടുത്തി.

7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. കോവിഡ് സാഹചര്യത്തില്‍ കനത്ത സുരക്ഷയോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലയിലെ സമ്മതിദായകരാണ് വിധിഎഴുതുന്നത്. കോട്ടയം, എറണാകുളം, വയനാട് അടക്കമുള്ള ജില്ലകളില്‍ ആധിപത്യം നിലനിര്‍ത്തുക എന്നതാണ് യു ഡി എഫിന്റെ ലക്ഷ്യം.

തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയവും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നത്. അതേസമയം പാലക്കാട് കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിര്‍ത്തുക തൃശൂര്‍ കോര്‍പറേഷനില്‍ മുന്നേറ്റം നടത്തുക എന്നതാണ് ബി ജെ പി യുടെ മുന്നിലുള്ള ലക്ഷ്യം.