ദില്ലി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ഭൂമിപൂജയോടെ ഉച്ചക്ക് ഒരുമണിക്കാണ് ചടങ്ങ്. 971 കോടി രൂപ ചെലവില്‍ 64,500 ചതുരശ്ര മീറ്ററിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത്. 2022 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ടാറ്റാ പ്രോജക്‌ട്സ് ലിമിറ്റഡിനാണ് നിര്‍മ്മാണ കരാര്‍ നല്‍കിയിരിക്കുന്നത്.

സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരം നിലവിലുള്ള പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയതും നിര്‍മ്മിക്കുന്നത്. അതേ സമയം തറക്കില്ലിടാന്‍ അനുമതി നല്‍കിയെങ്കിലും പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകും വരെ നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിക്കുകയോ, മരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വളരെ കാലം മുന്‍പേ നിയമനിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് ഇന്ന് നാം കാണുന്ന പാര്‍ലമെന്റ്. അക്കാലത്ത് കേവലം 145 സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഭരണഘടനാ നിര്‍മ്മാണത്തിനായുള്ള സഭ ചേരുന്നതിനായി കൂടുതല്‍ ഇരിപ്പിടങ്ങള്‍ അവിടെ സജ്ജീകരിക്കേണ്ടി വന്നു. ഇതിന് ശേഷവും നിരവധി തവണ ഇവിടെ ജനപ്രതിനിധികള്‍ക്ക് ഇരിക്കുവാനുള്ള സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. കെട്ടിടത്തിന് ഉള്ളില്‍ ഇതിനായി നിരവധി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. സ്വതന്ത്ര ഭാരതത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന 1952ല്‍ 461 സീറ്റുകളാണുണ്ടായിരുന്നത്. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പായപ്പോഴേക്കും ഇതിന്റെ എണ്ണം 499 ആയി ഉയര്‍ന്നു. നിലവില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ 550 സീറ്റുകളാണ് ഉള്ളത്. പഴയകാല നിര്‍മ്മിതിയായതിനാല്‍ പലപ്പോഴും ഹാളിന് ബലമേകുന്ന തൂണുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കേണ്ട ഗതികേടിലാണ് പിന്‍നിരയിലെ എംപിമാരുടെ സീറ്റുകളെന്നതാണ് വേദനാജനകമായ ഒരു കാഴ്ച. ജനാധിപത്യത്തിന്റെ കാഴ്ച മറയ്ക്കുന്ന ഇത്തരം സീറ്റുകള്‍ ഒരു എംപിയും ഒരിയ്ക്കലും ആഗ്രഹിക്കില്ല എന്നതാണ് വസ്തുത.

അതേസമയം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റില്‍ അംഗങ്ങളുടെ എണ്ണം നിജപ്പെടുത്തുന്നത്. 1971 ലെ സെന്‍സസ് അനുസരിച്ചാണ് നിലവിലെ 545 സീറ്റുകളെന്ന കണക്കില്‍ ലോക്സഭയിലെ ജനപ്രതിനിധികളുടെ എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ സീറ്റ് വിഹിതത്തിന്റെ കാലവധി 2026 വരെയാണുള്ളത്. 2001 ലെ സെന്‍സസ് പ്രകാരം പുതിയ നൂറ്റാണ്ടിലെ അംഗങ്ങളുടെ എണ്ണം പുതുക്കി നിര്‍ണ്ണയിക്കുമെന്ന് കണക്കാക്കുന്നു. ഇവരെ കൂടി ഉള്‍ക്കൊള്ളാനുള്ള ശേഷി നിലവിലെ ഹാളിനില്ലാത്തതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ആവശ്യമായി വരുന്നതിന്‍റെ പ്രധാന കാരണം.