ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനങ്ങള്‍ തുടരുന്ന ചൈനയ്ക്ക് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളിലൂടെ മറുപടി നല്‍കാന്‍ ഇന്ത്യ. ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ടണലുകള്‍ നിര്‍മ്മിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. സൈനിക നീക്കങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ടണലുകള്‍ നിര്‍മ്മിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ്‌ ജമ്മു കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങളാണ് പ്രശ്നമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. ഇതിന് വികസന പ്രവര്‍ത്തനങ്ങളാണ് ചൈനയ്ക്ക് പ്രശ്നമെങ്കില്‍ അത് തുടരുമെന്നും ഇന്ത്യ മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ടണലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ നീക്കം നടത്തുന്നത്. ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 10 ടണലുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതിയിടുന്നത്.

ഈ ടണലുകള്‍ക്ക് 100 കിലോമീറ്ററിലധികം ദൂരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൂടിയാലോചനകള്‍ക്ക് ശേഷം ടണലുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. കൂടുതല്‍ ടണലുകള്‍ നിര്‍മ്മിക്കാനുള്ള തീരുമാനം ചൈനയ്ക്ക് കൂടുതല്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.