കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലോടെയാണ് കേസ് വീണ്ടും ചര്‍ച്ചയായത്.

തൊട്ടുപിന്നാലെ കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അമ്മ നടത്തിയ വെളിപ്പെടുത്തലും ദിലീപിന് തിരിച്ചടിയാകുന്നതായിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ദിലീപിന് ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരാമര്‍ശങ്ങളിലെ സൂചനയും ഇതുതന്നെയാണ്. ബാലചന്ദ്രന്റെ വെളിപ്പെടുത്തലും കേസും തമ്മില്‍ എന്താണ് ബന്ധമെന്ന് ഹൈക്കോടതി ചോദിക്കുകയുണ്ടായി. എന്നാല്‍ ഈ വെളിപ്പെടുത്തലിന് പിന്നാലെ മറ്റു ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്…

നടിയെ കണ്ട് ക്ഷമ ചോദിച്ച്‌ സത്യം തുറന്ന് പറയണം..പൊട്ടിക്കരഞ്ഞ് സുനിയുടെ അമ്മ

1

കേസില്‍ പ്രതികളാണ് പള്‍സര്‍ സുനിയും ദിലീപുമെല്ലാം. പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമില്ല എന്നാണ് ദിലീപ് പറയുന്നത്. ഇതിന് വിരുദ്ധമായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപിന്റെ വീട്ടില്‍വച്ച്‌ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും ഇക്കാര്യം ആരോടും പറയരുതെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞിരുന്നു.

2

കേസിലെ പ്രധാന തെളിവാണ് നടി ആക്രമിക്കപ്പെടുന്ന വീഡിയോ. ഇത് ദിലീപ് കണ്ടുവെന്നും ഒരു വിഐപിയാണ് ദിലീപിന്റെ വീട്ടില്‍ ഇത് എത്തിച്ചതെന്നും ബാലചന്ദ്ര കുമാര്‍ ചാനലിനോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില ഓഡിയോകളും പുറത്തുവരികയുണ്ടായി. ദിലീപിന് തിരിച്ചടിയാകുന്നതായിരുന്നു സംവിധായകന്റെ ഈ രണ്ട് വാദങ്ങളും. പക്ഷേ, അവിടെയും ചോദ്യം ഉയരുകയാണ്.

3

കേസ് നടന്നത് 2017 ഫെബ്രുവരിയിലാണ്. നാല് വര്‍ഷത്തിന് ശേഷം ബാലചന്ദ്ര കുമാര്‍ സംഭവങ്ങള്‍ വെളിപ്പെടുത്താന്‍ കാരണം എന്ത്. മറ്റെന്തെങ്കിലും പ്രചോദനമുണ്ടോ. അദ്ദേഹത്തിന് പിന്നില്‍ ആരെങ്കിലുമുണ്ടോ. ഇത്രയും കാലം എന്തിന് മൗനം പാലിച്ചു… തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്. ഭയം കൊണ്ടാണ് ഇത്രയും കാലം പുറത്തുപറയാതിരുന്നതെന്ന് ബാലചന്ദ്ര കുമാര്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിച്ചിരുന്നു.

4

പള്‍സര്‍ സുനിയുടെ അമ്മയാണ് സുനിയുടെ കത്ത് എന്ന് കാണിച്ചുള്ള കുറിപ്പ് പരസ്യമാക്കിയത്. മകന്‍ പെട്ടുപോയതാണെന്ന് പറയുന്ന അവര്‍ ദിലീപിനെതിരെയാണ് സംസാരിക്കുന്നത്. പള്‍സര്‍ സുനി വളരെ മുമ്ബ് നല്‍കിയ കത്ത് എന്തുകൊണ്ട് ഇപ്പോള്‍ പുറത്തുവിടുന്നു എന്ന ചോദ്യവും ഉയരുകയാണ്. മകന്റെ ജീവന് ഭീഷണിയുണ്ട് എന്നാണ് അവരുടെ മറുപടി. മാത്രമല്ല, കേസുമായി ബന്ധമുള്ള മകന്റെ സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതിലെ ദുരൂഹതയും അവര്‍ ചൂണ്ടിക്കാട്ടുന്നു.

5

അതേസമയം, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലോ, സുനിയുടെ കത്തോ കേസില്‍ വലിയ സ്വാധീനം ചെലുത്തില്ല എന്നാണ് ലിബര്‍ട്ടി ബഷീര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചത്. ആരോപണങ്ങള്‍ മാത്രമാണ് ഇതെല്ലാം. ഇവരുടെ പ്രതികരണങ്ങളില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. നിലവില്‍ പള്‍സര്‍ സുനിയുടെ കത്തിന് കടലാസ് വില മാത്രമേയുള്ളൂ. ബാലചന്ദ്രയുടെ വെളിപ്പെടുത്തല്‍ കൊണ്ട് എന്ത് കാര്യമെന്നും ലിബര്‍ട്ടി ബഷീര്‍ ചോദിക്കുന്നു.

6

പുതിയ സാഹചര്യത്തില്‍ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ കേസിന് അനുസൃതമായി സാക്ഷിമൊഴിയുണ്ടാക്കാനാണ് ശ്രമം എന്ന് സംശയിക്കുന്നതായും കോടതി സൂചിപ്പിച്ചു.

7

നിലവിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച്‌ പുതിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബിജു പൗലോസ് തന്നെയാണ് അന്വേഷിക്കുന്നത്. ബിജു പൗലോസിനെതിരെ ദിലീപ് നേരത്തെ രംഗത്തുവന്നിരുന്നു. അതേസമയം, പ്രതികള്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അത് നിര്‍ണായകമാകും. തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ അത് പ്രോസിക്യൂഷന് തിരിച്ചടിയാകുകയും പ്രതിഭാഗത്തിന് മേല്‍ക്കൈ ലഭിക്കുന്ന സാഹചര്യവുമുണ്ടാകും. അതോടെ കേസിന്റെ ഗതി തന്നെ മാറുമെന്നും നിരീക്ഷിക്കപ്പെടുന്നു.