ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ, പദ്ധതിയില്‍ കേരളവും ഉള്‍പ്പെട്ടു.
പദ്ധതി വിജയകരമായി നടപ്പിലാക്കിയ 9 സംസ്ഥാനങ്ങള്‍ക്കും അധിക വായ്പ ലഭ്യമാകും. കേരളത്തിനു പുറമെ ആന്ധ്രാപ്രദേശ്, ഗോവ, ഹരിയാന, ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കിയത്. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് സാമ്ബത്തിക സ്രോതസുകള്‍ സമാഹരിക്കുന്നതിനായുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങള്‍ക്ക് കേന്ദ്രം കൈത്താങ്ങായതിനാലാണ് ഇത്തരമൊരു നേട്ടം സ്വന്തമായതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇതിനായി വിവിധ നടപടികള്‍ കേന്ദ്രം ആവിഷ്‌കരിച്ചിരുന്നു.

അത്തരത്തില്‍ കേന്ദ്രം ആവിഷ്‌ക്കരിച്ച പ്രധാനപ്പെട്ട നടപടികളിലൊന്നാണ് ജിഎസ്ഡിപിയുടെ രണ്ടു ശതമാനം കൂടി വായ്പ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും കൊറോണയെ തുടര്‍ന്ന് ദുര്‍ബലമായ സമ്ബദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വായ്പ എടുക്കാന്‍ അനുമതി നല്‍കിയത്. പൊതുജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയവര്‍ക്കാണ് വായ്പ ലഭിക്കുക.

വിവിധ ഭാഷാ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യത്തെ ഏത് ഭാഗത്തും റേഷന്‍ സാധനങ്ങള്‍ സൗജന്യ നിരക്കില്‍ കിട്ടുന്ന വിധത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമവും മറ്റ് ക്ഷേമ പദ്ധതികളും നടപ്പിലാക്കിയവര്‍ക്കാണ് 2 ശതമാനം വായ്പ നല്‍കുന്നത്.