മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ വമ്പന്‍ സ്രാവുകളെ കുരുക്കി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. മുംബൈയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വിതരണക്കാരിലൊരാളായ റീഗെല്‍ മഹാക്കലിനെയാണ് എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് അന്ധേരിയിലെ ലോഖന്ധ് വാലയില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് കോടിയുടെ ലഹരിമരുന്നുകളും 13.5 ലക്ഷം രൂപയും എന്‍.സി.ബി. പിടിച്ചെടുത്തു.

മുംബൈയിലെ മൂന്നിടങ്ങളിലാണ് ബുധനാഴ്ച എന്‍.സി.ബി.യുടെ റെയ്ഡ് നടക്കുന്നത്. ഇതില്‍ അസം ഷെയ്ഖ് ജുമാന്‍ എന്നയാളുടെ അന്ധേരിയിലെ താമസസ്ഥലത്തു നിന്നാണ് വന്‍തോതില്‍ മലാന ക്രീമും(ഹാഷിഷ്) ലഹരിഗുളികകളും കഞ്ചാവും പിടിച്ചെടുത്തത്. മഹാക്കല്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയാണ് അസം ഷെയ്ഖ് ജുമാന്‍. ഇരുവര്‍ക്കും പുറമേ മൂന്നാമതൊരാളെ കൂടി എന്‍.സി.ബി. സംഘം പിടികൂടി ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം.

സുശാന്തിന്റെ കേസില്‍ നേരത്തെ അറസ്റ്റിലായ അനൂജ് കേശ്വാനിക്ക് ലഹരിമരുന്ന് നല്‍കിത് റീഗെല്‍ മഹാക്കലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കേശ്വാനിയാണ് കൈസാന്‍ എന്നയാള്‍ക്ക് ലഹരിമരുന്ന് കൈമാറിയിരുന്നത്. ഇയാള്‍ മുഖേനെയാണ് റിയ ചക്രവര്‍ത്തിയും സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയും സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനല്‍കിയത്.