അബുദാബിയില്‍ സാമ്പത്തിക, സാംസ്കാരിക, വിനോദ, വിനോദ സഞ്ചാര മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ സാധാരണ നിലയിലെത്തിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചതായി അബുദാബിയുടെ കോവിഡ് -19 അടിയന്തര ദുരന്ത പ്രതിരോധ സമിതി അറിയിച്ചു. കോവിഡിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിജയിച്ചതിന്റെ ഫലമായി കോവിഡ് രോഗബാധ കുറയ്ക്കാന്‍ കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. ഇതിനായി ബന്ധപ്പെട്ട അധികൃതരുമായി സംയോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് സമിതി അറിയിച്ചു.

നിലവില്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ വിലയിരുത്താനും അവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി അധികാരികളുമായി പ്രവര്‍ത്തിക്കുമെന്ന് സമിതി അറിയിച്ചു.

എമിറേറ്റില്‍ കോണ്ടാക്‌ട് ട്രേസിംഗും മാസ് ടെസ്റ്റിംഗും ഉള്‍പ്പെടെ, കോവിഡ്-19 വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരും, ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഇടങ്ങളിലും, വ്യാവസായിക മേഖലയിലുള്ള തൊഴിലാളികളും അടക്കം ഉള്ളവടര്‍ക്ക് സൗജന്യ പരിശോധനകള്‍ നടത്തുന്നുണ്ട്. ഒപ്പം ഷോപ്പിംഗ് മാളുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ പോലുള്ള ആളുകള്‍ കൂടുതലായി എത്തിച്ചേരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ കോവിഡ് പരിശോധന നടത്തും. സമൂഹത്തെ സുസ്ഥിരമാക്കുന്നതിനും അതിലെ എല്ലാ അംഗങ്ങളുടെയും ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും ഈ കാലയളവില്‍ നടത്തിയ മാനുഷിക ശ്രമങ്ങളും സമിതി തുടരും.

പ്രതിരോധ, മുന്‍കരുതല്‍ നടപടികളും മഹാമാരിയെ പ്രതിരോധിക്കുന്നതിലുണ്ടാ. സഹകരണവും പ്രതിബദ്ധതയും തുടരാനും സമിതി ആഹ്വാനം ചെയ്തു. തങ്ങളെയും കുടുംബങ്ങളെയും മുഴുവന്‍ സമൂഹത്തെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും കൂട്ടുത്തരവാദിത്തവും നിലനിര്‍ത്തുകയും പൊതുജനാരോഗ്യം നിലനിര്‍ത്തുന്നതിനുള്ള അബുദാബിയുടെ ശ്രമങ്ങളുടെ വിജയം ഉറപ്പാക്കാന്‍ സഹകരിക്കുകയും ചെയ്യേണ്ട പ്രാധാന്യം പൊതുജനങ്ങളെ വീണ്ടും ഓര്‍മ്മപ്പെടുന്നുവെന്നും സമതി വ്യക്തമാക്കി.