തിരുവനന്തപുരം: തന്റെ ഭാര്യയുടെ മാതാപിതാക്കളെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്‌തെന്ന ആരോപണവുമായി നടന്‍ കൃഷ്‌ണകുമാര്‍. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തന്റെ ഭാര്യയുടെ മാതാപിതാക്കളുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നാണ് താരം പറയുന്നത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ എന്തൊക്കെയോ തിരിമറികള്‍ നടന്നിട്ടുണ്ടെന്ന് കൃഷ്‌ണകുമാര്‍ വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തില്‍ എത്താനുള്ള സാഹചര്യം എല്ലാമുണ്ടെന്നും അദ്ദേഹം പറയുന്നു.
ബിജെപി ഭരണത്തില്‍ എത്താനുള്ള എല്ലാ സാഹചര്യവും ഒത്തു വരുന്നുണ്ട്. പക്ഷേ വോട്ടേഴ്‌സ് ലിസ്റ്റില്‍ എന്തൊക്കെയോ തിരിമറികള്‍ നടന്നിട്ടുണ്ട് എന്ന് എല്ലാ മേഖലയില്‍ നിന്നും കേള്‍ക്കുന്നുണ്ട്. അത് തന്റെ കുടുംബത്തില്‍ പോലും ഉണ്ടായി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നെട്ടയത്ത് താമസിക്കുന്ന തന്റെ ഭാര്യയുടെ അച്ഛനും അമ്മയും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ലായെന്ന് ഇന്നലെ രാവിലെയാണ് അറിഞ്ഞത്. അന്വേഷിച്ചപ്പോള്‍ വീട്ടില്‍ ആളില്ലാത്തതുകൊണ്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയെന്നാണ് പറഞ്ഞതെന്നും കൃഷ്‌ണകുമാര്‍ പറയുന്നു.

ഭാര്യയുടെ അച്ഛനും അമ്മയും വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവരാണ്. അവര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വോട്ടര്‍ പട്ടികയില്‍ നിന്നും കട്ട് ചെയ്‌തത് എന്നുവേണം കരുതേണ്ടത്. പ്രായമായവര്‍ ആയതു കൊണ്ട് ഇത് അവര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഇത്തരം തിരിമറികള്‍ നടന്ന് വോട്ടു മറിച്ചാല്‍ പോലും ബിജെപി ജയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും കൃഷ്‌ണകുമാര്‍ പറഞ്ഞു.