കോട്ടയം: പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയില്‍ പതിച്ച്‌ കൊല്ലപ്പെട്ട അഫീല്‍ ജോണ്‍സണ് അനുജത്തി പിറന്നു.

ചൊന്നൂര്‍ കുറിഞ്ഞാംകുളത്ത് ജോണ്‍സണ്‍ ജോര്‍ജ്ജ്-ഡാര്‍ളി ജോണ്‍സണ്‍ ദമ്ബതികള്‍ക്ക് ഇന്നലെ രാവിലെ 9.30നാണ് പെണ്‍കുഞ്ഞ് പിറന്നത്. മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഡാര്‍ളി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ദമ്ബതികളുടെ ഏക മകനായിരുന്നു അഫീല്‍.

2019 ഒക്ടോബര്‍ നാലിനാണ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ മത്സരാര്‍ത്ഥി എറിഞ്ഞ ഹാമര്‍ തലയില്‍ പതിച്ച്‌ അഫീലിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്. മത്സരത്തില്‍ വോളന്റിയര്‍ ആയിരുന്നു അഫീല്‍. 15 ദിവസം ആശുപത്രിയില്‍ കിടന്ന ശേഷമാണ് അഫീല്‍ മരണത്തിന് കീഴടങ്ങിയത്. ഒക്ടോബര്‍ 21ന് മകന്‍ തങ്ങളെ വിട്ട് പോയ അന്ന് മുതല്‍ അതിന്റെ തീരാവേദനയിലായിരുന്നു ഈ കുടുംബം.

പ്രസവ വാര്‍ഡിലേക്ക് പോകുമ്ബോഴും അഫീലിന്റെ ചിത്രം ഡാര്‍ളി ചേര്‍ത്തു പിടിച്ചിരുന്നതായി ജോണ്‍സണ്‍ പറയുന്നു.അഫീല്‍ മരിക്കാനിടയായ സംഭവത്തില്‍ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ല. 48 സാക്ഷികളാണ് കേസില്‍ ഉള്ളത്. സംഘാടകരുടെ വീഴ്ചയും കുറ്റപത്രത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.