ന്യൂയോര്‍ക്ക് : ഹിന്ദു പെണ്‍കുട്ടികളെ പാകിസ്താന്‍ വേശ്യകളാക്കി ചൈനയ്ക്ക് വില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തലുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും ഉന്നത നയകാര്യ വിദഗ്ധനുമായ സാമുവല്‍ ബ്രൗണ്‍ബാക്ക്.

കഴിഞ്ഞ ദിവസം പാകിസ്താനെയും ചൈനയെയും അമേരിക്ക കടുത്ത മതസ്വാതന്ത്യ ലംഘനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിന്നു. ഇതിനുള്ള കാരണങ്ങള്‍ വിശദമാക്കവെയാണ് മത സ്വാതന്ത്ര്യം പരിശോധിക്കുന്ന ഡിപ്ലോമാറ്റ് കൂടിയായ സാമുവല്‍ ബ്രൗണ്‍ബാക്ക് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് നേരെ കടുത്ത ക്രൂരതയാണ് പാകിസ്താനില്‍ അരങ്ങേറുന്നത് .ഇവരെ ചൈനീസ് പൗരന്മാര്‍ക്ക് നിര്‍ബന്ധിച്ച്‌ വിവാഹം ചെയ്ത് നല്‍കുകയും വേശ്യകളാക്കിമാറ്റി വില്‍ക്കുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങളോട് പാകിസ്താന്‍ വലിയ വിവേചനമാണ് കാണിക്കുന്നത്. ഇതിന്റെ ഫലമായിട്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൈന സ്വീകരിച്ചിരിക്കുന്ന ഒറ്റക്കുട്ടി നയം രാജ്യത്തെ സ്ത്രീകളുടെ എണ്ണത്തില്‍ കുറവ് വരുന്നതിന് കാരണമായിട്ടുണ്ട്. ഇതിനാലാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും ചൈന പെണ്‍കുട്ടികളെ രാജ്യത്തേക്ക് കൊണ്ടുപോകുന്നതെന്നും ബ്രൗണ്‍ബാക്ക് വിശദീകരിച്ചു.

നേരത്തെ പാകിസ്താന്‍ ഹിന്ദു പെണ്‍കുട്ടികളെ ചൈനയ്ക്ക് വില്‍ക്കുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.