മണ്‍റോതുരുത്തിലെ സിപിഎം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും തളളി പൊലീസ്. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്നാണ് പൊലീസ് നിലപാട്.

രാഷ്ട്രീയ കൊലപാതകമെന്ന മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും നിലപാട് അപ്പാടെ തളളുന്നതാണ് എഫ് ഐ ആറും റിമാന്‍ഡ് റിപ്പോര്‍ട്ടും. വിനോദസഞ്ചാരികളെ റിസോര്‍ട്ടിലേക്ക് കൊണ്ടുവരുന്നതില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

സംഭവ ദിവസം, മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന ഭരണ നേതൃത്വത്തിന്റെ ആരോപണമാണ് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടോടെ പൊളിഞ്ഞത്.
മണിലാലിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ഡല്‍ഹി പൊലീസില്‍ നിന്നും വിമരിച്ച അശോകന്‍ (56), ഇയാളെ സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവര്‍ പനിക്കത്തറ വീട്ടില്‍ സത്യന്‍ (58) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തിരുന്നു. മണിലാലും അശോകനും തമ്മിലുളള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നും രാഷ്ട്രീയ ബന്ധത്തിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമുളള നിലപാടിലാണ് പൊലീസ് ആദ്യം മുതല്‍ ഉറച്ചു നിന്നത്.

എന്നാല്‍, ഇതിനെ രാഷ്ട്രീയ കൊലപാതകമെന്ന തരത്തിലാണ് സി പി എം അടക്കമുളള ഇടതു പാര്‍ട്ടികള്‍ പ്രചരിപ്പിച്ചത്.