തിരുവനന്തപുരം: നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തില്‍ എല്‍ഡിഎഫ് തീരുമാനം ഇന്ന്. കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുമെന്ന സൂചന സിപിഎം നേതൃത്വം ഘടകകക്ഷികള്‍ക്ക് നല്കി. സിപിഐയും അനുകൂലിച്ചതോടെ മുന്നണി പ്രവേശനത്തിന് ഇനി തടസമൊന്നുമില്ല. ജോസ് കെ മാണി മുന്നോട്ടു വച്ചിട്ടുള്ള വ്യവസ്ഥകള്‍ എന്തെന്ന് വ്യക്തമാക്കണമെന്ന് എന്‍സിപി മുന്നണിയോഗത്തില്‍ ആവശ്യപ്പെടും.
ഡിസംബര്‍ ആദ്യം തദ്ദേശ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാല്‍ ജോസ് കെ.മാണിയെ ഇടതു മുന്നണിയിലെടുക്കുന്നതില്‍ തീരുമാനം നീളില്ല. സിപിഐയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ മറ്റ് ഘടക കക്ഷികളുമായും സിപിഎം നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് കൂടി അര്‍ഹമായ പരിഗണന നല്കി പ്രാദേശിക തലത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കണം എന്ന് നിര്‍ദേശിക്കും. നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയില്ലെന്നും രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ജോസ് കെ.മാണി ഇടതുമുന്നണിയിലേക്ക് വരുന്നതെന്നുമാണ് ഘടകകക്ഷികളെ സിപിഎം അറിയിച്ചിരിക്കുന്നത്. നിയമസഭാ സീറ്റുസംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് മുന്നണി ചര്‍ച്ച ചെയ്തേക്കില്ല.
പാലാ സീറ്റില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് എല്‍ഡിഎഫിലെ പ്രധാന പ്രശ്നം. ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ക്കേണ്ടെന്ന് ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. എകെജി സെന്ററില്‍ നടന്ന പിണറായി കോടിയേരി കാനം ചര്‍ച്ചയാണ് നടപടികള്‍ വേഗത്തിലാക്കിയത്. അതിനാല്‍ കാഞ്ഞിരപ്പള്ളി സീറ്റ് സംബന്ധിച്ച് സിപിഐയും പാലാ സീറ്റ് സംബന്ധിച്ച് എന്‍സിപിയും യോഗത്തില്‍ നിലപാട് പറയില്ല.