എറണാകുളം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. 28 കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്.

3132 ബൂത്തുകളാണ് എറണാകുളം ജില്ലയില്‍ ആകെ ഉള്ളത്. ഇതില്‍ കൊച്ചി കോര്‍പറേഷനില്‍ 327 ബൂത്തുകളിലും ഉള്ള പോളിംഗ് സാമഗ്രികള്‍ എറണാകുളം മഹാരാജാസ് കോളജിലെ ഓഡിറ്റോറിയത്തില്‍ നിന്നും ആണ് വിതരണം ചെയ്യുന്നത്. പലയിടങ്ങളിലും ഉദ്യോഗസ്ഥരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം ജില്ലയില്‍ നാളെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. ജില്ലയിലെ 3132 ബൂത്തുകളിലെയും വോട്ട് എണ്ണി കഴിയുമ്ബോള്‍ ജില്ലയില്‍ തങ്ങള്‍ സമ്ബൂര്‍ണ ആധിപത്യം ഉറപ്പിക്കും എന്നാണ് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പറയുന്നത്. ഗ്ലാമര്‍ പോരാട്ടം നടക്കുന്ന കൊച്ചി കോര്‍പറേഷനില്‍ നിലമെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

കൊച്ചി കോര്‍പറേഷനിലും എറണാകുളം ജില്ലാ പഞ്ചായത്തിലും 13 മുന്‍സിപ്പാലിറ്റികളിലും 14 ബ്ലോക്ക് പഞ്ചായത്തുകളിലും 82 ഗ്രാമപഞ്ചായത്തിലും ആണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ പ്രാധാന്യമാണ് ജില്ലയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ജില്ല തൂത്തുവാരാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇരുമുന്നണികളും വച്ചുപുലര്‍ത്തുന്നത്.