ഹൈദരാബാദ്: എലൂരുവില്‍ അജ്ഞാതരോഗം പടര്‍ന്നത് കുടിവെള്ളത്തില്‍ ലോഹം കലര്‍ന്നതുമൂലമെന്ന് പ്രാഥമിക നിഗമനം. രോഗികളുടെ രക്തപരിശോധനയില്‍ നിക്കല്‍, ലെഡ് തുടങ്ങിയവയുടെ കൂടിയ സാന്നിധ്യവും കുടിവെള്ളത്തില്‍ കീടനാശിനിയും കണ്ടെത്തി. ഇതുവരെ 561 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ടുചെയ്തത്. ഇതില്‍ 45 വയസ്സുള്ള ഒരാള്‍ മരിക്കുകയും ചെയ്തു.

ശനിയാഴ്ചയോടെയാണ് രോഗം പടരാന്‍ തുടങ്ങിയത്. ഛര്‍ദിക്കുശേഷം അപസ്മാരത്തോടെ കുഴഞ്ഞു വീഴുകയാണ് ലക്ഷണം. മംഗളഗിരി എയിംസിലെ ഡയറക്ടര്‍ രാകേഷ് കാക്കറുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്.

കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് സമര്‍പ്പിച്ചു. കുടിവെള്ളത്തില്‍ എങ്ങനെ ലോഹം കലര്‍ന്നുവെന്നത് ഡല്‍ഹി എയിംസിലെ വിദഗ്‌ധരും അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു.