ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ടശിശുമരണം വിവാദം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ രണ്ട് മുതിര്‍ന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആരോഗ്യമന്ത്രി പ്രഭുറാം ചൗധരി നേരിട്ട് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് രണ്ട് മെഡിക്കല്‍ ഉദ്യോഗസ്ഥരെ അവരുടെ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തത്. ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.രാജേഷ് പാണ്ഡെ, സിവില്‍ സര്‍ജന്‍ ഡോ.വി.സി.ബാരിയ എന്നിവര്‍ക്കെതിരെയാണ് നടപടി.

സംസ്ഥാനത്തെ ഷഹ്ദോള്‍ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ 18 ദിവസത്തിനിടെ 12 കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി ആദ്യം പ്രതികരിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം ഇവിടുത്തെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടത്.

മികച്ച ചികിത്സാ സൗകര്യങ്ങളാണ് ആശുപത്രിയില്‍ ലഭ്യമാക്കുന്നതെന്നും അതുകൊണ്ട് തന്നെ ആരെയും പഴി ചാരാന്‍ ആകില്ലെന്നും അറിയിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി തന്നെ ഇടപെട്ട് രണ്ട് പേരെ പുറത്താക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.