റാഞ്ചി: ഭര്‍ത്താവിന്റെ സുഹൃത്തുമായി പ്രണയം കടുത്തതോടെ ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തി ഭാര്യ. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന 45കാരനെ ഇല്ലാതാക്കാനായി മൂന്ന് വാടകക്കൊലയാളികളെയാണ് ഭാര്യ ഏര്‍പ്പെടുത്തിയത്. ഇവര്‍ അറസ്റ്റിലായതോടെയാണ് ഗൂഢപദ്ധതി പുറത്തറിയുന്നത്.
ബീഹാറിലെ ഗയ സ്വദേശിയാണ് സ്ത്രീ. പൊലീസ് പറയുന്നതനുസരിച്ച് ഇവര്‍ ഭര്‍ത്താവിന്റെ സുഹൃത്തായ നവീന്‍ റാണ എന്നൊരാളുമായി അടുപ്പത്തിലായി. പ്രണയം കടുത്തതോടെ ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി മൂന്ന് വാടകക്കൊലയാളികളെയാണ് ഏര്‍പ്പെടുത്തിയത്. അഞ്ച് ലക്ഷം രൂപയായിരുന്നു ഇവര്‍ക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. ഇതില്‍ 95000രൂപ അഡ്വാന്‍സ് ആയി നല്കി. ബാക്കി തുക കൃത്യം നടത്തിയ ശേഷം നല്‍കാമെന്നായിരുന്നു ധാരണ. –
ഇത്തരമൊരു ഗൂഢാലോചനയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിനായെത്തിയ മൂന്ന് പേരും കുടുങ്ങുകയായിരുന്നു. ‘ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് വാടകക്കൊലയാളികളെ സംബന്ധിച്ച ഞങ്ങള്‍ക്ക് ചില വിവരങ്ങള്‍ ലഭിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ഇല്ലാതാക്കാന്‍ അയാളുടെ ഭാര്യ തന്നെയാണ് ഇവരെ ഏര്‍പ്പാടാക്കിയത്.
–
വിവരം ലഭിച്ചയുടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഡിസംബര്‍ ആറോടെ മൂന്ന് പേരും പിടിയിലാവുകയുംചെയ്തു. ഹസാരിബാഗ് സ്വദേശികളായ ഇമാദ് ഹസന്,നവീന്‍, മുഹമ്മദ് നോമാന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്’. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്’ ഹസാരിബാഗ് എസ്പി കാര്‍ത്തിക് അറിയിച്ചു.
‘സ്വന്തം ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ കാമുകനായ നവീനുമായി ചേര്‍ന്ന് സ്ത്രീ തന്നെയാണ് പദ്ധതി തയ്യാറാക്കിയത്. ഗൂഢാലോചനയില്‍ തന്റെ പങ്ക് സംബന്ധിച്ച് നവീന്‍ കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റിനു ശേഷം ഒളിവില്‍ കടന്ന സ്ത്രീയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.