കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ ഗാര്‍ഹികത്തൊഴിലാളികളെ കൊണ്ടുവരുന്നതിന്​ രജിസ്​റ്റര്‍ ചെയ്യേണ്ട ഒാണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. https://belsalamah.com/home.html എന്ന വെബ്​സൈറ്റിലാണ്​ രജിസ്​റ്റര്‍ ചെയ്യേണ്ടത്​. ഡിസംബര്‍ ഏഴുമുതല്‍ മടങ്ങിവരവ്​ ആരംഭിക്കുമെന്ന്​ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഡിസംബര്‍ 14നാണ്​ ആദ്യ സംഘം ഇന്ത്യയില്‍നിന്ന്​ എത്തുന്നതെന്നാണ്​ പുതിയ വിവരം.

മൂന്നുനേരം ഭക്ഷണം ഉള്‍പ്പെടെ രണ്ടാഴ്​ചത്തെ ക്വാറന്‍റീനും പി.സി.ആര്‍ പരിശോധനക്കും 270 ദീനാര്‍ ആണ്​ പാക്കേജ്​ നിശ്ചയിച്ചിരിക്കുന്നത്​. വിമാന ടിക്കറ്റ്​ നിരക്ക്​ വിവിധ രാജ്യങ്ങളില്‍നിന്ന്​ വ്യത്യസ്​തമാണ്​. ഇന്ത്യയില്‍നിന്ന്​ 110 ദീനാറും ഫിലിപ്പീന്‍സില്‍നിന്ന്​ 200 ദീനാറും ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്​ എന്നിവിടങ്ങളില്‍നിന്ന്​ 145 ദീനാറുമാണ്​ ടിക്കറ്റ്​ നിരക്ക്​.
തൊഴിലാളികള്‍ സ്വന്തം രാജ്യത്തുനിന്ന്​ പി.സി.ആര്‍ പരിശോധന നടത്തി കോവിഡ്​ മുക്​തമാണെന്ന്​ തെളിയിക്കണം. കുവൈത്തിലെത്തിയാല്‍ രണ്ടാമത്തെയും രണ്ടാഴ്​ചത്തെ ക്വാറന്‍റീന്‍ കഴിഞ്ഞാല്‍ മൂന്നാമത്തെയും പി.സി.ആര്‍ പരിശോധന നടത്തും. കോവിഡ്​ ഇല്ലെങ്കില്‍ സ്​പോണ്‍സര്‍ക്ക്​ കൂട്ടിക്കൊണ്ടുപോവാം. വൈറസ്​ ബാധിതരാണെങ്കില്‍ ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി നല്‍കും. കുവൈത്ത്​ എയര്‍വേയ്​സും ജസീറ എയര്‍വേയ്​സുമാണ്​ വിമാന സര്‍വീസ്​ നടത്തുന്നത്​.