സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടി20 തൂത്തുവാരാമെന്ന ഇന്ത്യയുടെ മോഹം വിഫലമായി. നായകന്‍ വിരാട് കോഹ്ലി(85) മുന്നില്‍നിന്ന് നയിച്ചിട്ടും മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ 12 റണ്‍സ് തോല്‍വി വഴങ്ങി. 187 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴിന് 174 റണ്‍സാണ് എടുത്തത്. 85 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശിഖര്‍ ധവാന്‍ 28 റണ്‍സെടുത്തു. മലയാളി താരം സഞ്ജു വി സാംസണ്‍ 10 റണ്‍സെടുത്തു പുറത്തായി. ഓസ്ട്രേലിയയ്ക്കുവേണ്ടി മിച്ചല്‍ സ്വെംപ്സണ്‍ മൂന്നു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ചിന് 186 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറി നേടിയ മാത്യു വാഡെയുടെ(80) തകര്‍പ്പന്‍ പ്രകടനമാണ് ഓസ്ട്രേലിയയ്ക്കു മികച്ച സ്കോര്‍ സമ്മാനിച്ചത്. ഗ്ലെന്‍ മാക്സ് വെല്‍ 54 റണ്‍സെടുത്തു പുറത്തായി. നായകന്‍ ആരോണ്‍ ഫിഞ്ച് റണ്‍സൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ സ്റ്റീവന്‍ സ്മിത്ത് 24 റണ്‍സെടുത്ത് പവലിയനിലേക്കു മടങ്ങി. ഇന്ത്യയ്ക്കുവേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നുണ്ട്.

കാന്‍ബെറയില്‍ നടന്ന ആദ്യ മത്സരത്തിലും സിഡ്നിയില്‍ നടന്ന രണ്ടാം മത്സരത്തിലും ജയിച്ച ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയിരുന്നു. നേരത്തെ നടന്ന ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയാണ് ജയിച്ചത്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്ബരയ്ക്ക് ഡിസംബര്‍ 17ന് അഡ്ലെയ്ഡില്‍ തുടക്കമാകും. അതിനുമുന്നോടിയായി ഡിസംബര്‍ 17 ഓസ്ട്രേലിയ എ ടീമുമായി ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്.