കൊല്ലം: നെടുവത്തൂര്‍ പഞ്ചായത്തിലെ കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി ഒടുവില്‍ തിരിച്ചെത്തി. നെടുവത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അജീവ്കുമാറാണ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. സിപിഐയില്‍ പ്രവര്‍ത്തിച്ചിരുന്ന അജീവ് അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഇടതുമുന്നണിയില്‍ നിന്ന് അജീവിന് ഭീഷണി ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. അജീവിനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. അജീവ്കുമാറിനെ കാണ്മാനില്ലെന്ന് കാണിച്ച്‌ കഴിഞ്ഞ ദിവസം കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് സ്വയം മാറി നില്‍ക്കുകയായിരുന്നെന്നും അജീവ്കുമാര്‍ വ്യക്തമാക്കി.