അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി 94കാരി. വീണ സരിന്‍ എന്ന വയോധികയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹര്‍ജി പരി​ഗണിച്ച സുപ്രിംകോടതി വാദം കേള്‍ക്കാനായി ഈ മാസം 14ലേക്ക്​​ മാറ്റി.

താനും മരിച്ചുപോയ ഭര്‍ത്താവും കുടുംബവും അടിയന്തരാവസ്ഥകാലത്തിന്റെ ഇരകളാണെന്ന് വീണ സരിന്‍ ഹര്‍ജിയില്‍ പറയുന്നു. അന്നത്തെ അതിക്രമങ്ങള്‍ മൂലമുള്ള വേദനയിലും ദുരിതത്തിലും ജീവിതം ചെലവഴിക്കേണ്ടിവന്നവരാണ്. ഭര്‍ത്താവ്​ 25 വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട്​ ഉണ്ടാക്കിയെടുത്ത ഗോള്‍ഡ്​ ആര്‍ട്ട്​ ബിസിനസ്​ സര്‍ക്കാര്‍ അധികൃതര്‍ ഇടപെട്ട്​ നിര്‍ത്തലാക്കി. വിലപ്പെട്ട സാധനങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. അടിയന്തരാവസ്ഥ ഏര്‍​പ്പെടുത്തുന്നതിന്​ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ നിന്ന്​ 25 കോടി രൂപ നഷ്​ടപരിഹാരമായി ഈടാക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ജസ്​റ്റിസു​മാരായ സഞ്​ജയ്​ കൃഷ്​ണന്‍ കൗള്‍, ദിനേശ്​ മഹേശ്വരി, ഋഷികേശ്​ റോയ്​ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരി​ഗണിച്ചത്.