നഴ്‌സുമാരുടെ വര്‍ഷങ്ങളാതുള്ള ആവശ്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന നഴ്‌സിംഗ് ബില്ലിനെ പൂര്‍ണ്ണമായും പിന്തുണക്കുമെന്ന് യുണൈറ്റെഡ് നഴ്‌സ് അസോസിയേഷന്‍(യുഎന്‍എ). തങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രജിസ്‌ട്രേഷനും അംഗീകാരവും സംബന്ധിച്ച ദുരിതങ്ങള്‍ക്ക് പുതിയ ബില്ലിലൂടെ പരിഹാരം കാണുമെന്ന് യുഎന്‍എ അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ഷ വ്യക്തമാക്കി. ബില്ല് നിയമമായാല്‍ പണം പിടുങ്ങാന്‍ മാത്രം ഇരിക്കുന്ന സ്‌റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സിലുകളുടെ ധാര്‍ഷ്ട്യത്തില്‍ നിന്നും നഴ്‌സുമാര്‍ മോചിതരാകുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഒറ്റ ഇന്ത്യ, ഒറ്റ രജിസ്‌ട്രേഷന്‍ എന്ന യുഎന്‍എയുടെ പ്രഖ്യാപിത മുദ്രാവാക്യം നടപ്പിലാക്കാന്‍ ഉതകുന്നതാണിതെന്നും അദേഹം വ്യക്തമാക്കി…

ജാസ്മിന്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വരുന്ന നഴ്‌സിംഗ് ബില്ലിനെ പിന്തുണക്കാനാണ് യുഎന്‍എ തീരുമാനം. സ്വജനപക്ഷ പാതത്തിന്റെയും, അഴിമതിയുടെയും കൂത്തരങ്ങുകളാണ് ഇന്ത്യയിലെ മിക്ക നേഴ്‌സിംഗ് കൗണ്‍സിലുകളും. നഴ്‌സുമാരെ അടിമകളെപ്പോലെയാണ് മിക്ക കൗണ്‍സിലുകളും കാണുന്നത്. 20 വര്‍ഷത്തോളമായി യാതൊരു മാറ്റവുമില്ലാതെ ഐഎന്‍സി, ഒരു നേഴ്‌സ് വേരിഫിക്കേഷനോ, റിന്യൂവലോ, അവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിനോ വിളിച്ചാല്‍ കാണാം സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലുകളുടെ ദാര്‍ഷ്ട്യം. പണം പിടുങ്ങാനുള്ള ഏജന്റ്മാരെപ്പോലെയാണ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം.ഇതിനെല്ലാം അന്ത്യം കുറിക്കാന്‍ സംവിധാനം ആവശ്യമാണ്.

ഒറ്റ ഇന്ത്യ, ഒറ്റ രജിസ്‌ട്രേഷന്‍ എന്ന യുഎന്‍എയുടെ പ്രഖ്യാപിത മുദ്രാവാക്യം നടപ്പിലാക്കാന്‍ ഉതകുന്നതാണിത്. ചില ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്താന്‍ യുഎന്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ ഇലക്ഷന്‍ പ്രോസസ് നടത്തിയാകണം കമ്മറ്റിയംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് എന്നതതില്‍ പ്രധാനം.ജനാധിപത്യപരമായി കേരളാ നേഴ്‌സിംഗ് കൗണ്‍സിലിലേക്ക് ജയിച്ച യുഎന്‍എയുടെ വിജയം അട്ടിമറിച്ചത് നോമിനേറ്റഡ് അംഗബലത്തിലൂടെയായിരുന്നുവെന്നത് കേരളത്തിലെ ചിലരെ ഞങ്ങള്‍ ഓര്‍മിപ്പിക്കുന്നു.