തമിഴ് സൂപ്പര്‍ താരം വിജയ് ബിജെപിയിലേക്കെന്ന വാര്‍ത്ത തള്ളി വിജയ്‌യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍. സിനിമാ സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം.

ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും ജനകീയ മുന്നേറ്റത്തിന്റെ ആവശ്യം വേണ്ടി വന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും അച്ഛന്‍ ചന്ദ്രശേഖര്‍ പറയുന്നു. വിജയ് ബിജെപിയിലേക്കില്ലെന്നും അങ്ങനെയുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് വേണ്ടിയുള്ള അഭിമുഖത്തിലായിരുന്നു പരാമര്‍ശം.

താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും സ്വന്തമായി ഒരു സംഘടനയുണ്ടെന്നും ചന്ദ്രശേഖര്‍. അതിനായിരിക്കും പ്രധാന്യം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ ആവശ്യാര്‍ത്ഥം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ശക്തി വര്‍ധിപ്പിക്കുമെന്നും ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് വിജയുടെ ആരാധകരുടെ എണ്ണം വര്‍ധിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വിജയ് സിനിമയായ മെര്‍സലിന്റെ ജിഎസ്ടി പ്രശ്‌നത്തില്‍ ബിജെപിയും വിജയും തമ്മില്‍ കലഹമുണ്ടായിരുന്നു. അന്ന് വിജയിനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. കൂടാതെ വീട്ടിലും ഓഫീസിലും റെയ്ഡും നടത്തിയിരുന്നു. അന്ന് വിജയ് ആസ്വാദകര്‍ താരത്തിന് വന്‍ പിന്തുണയാണ് നല്‍കിയത്.