ദുബൈ: യെമനില്‍ ഹൂത്തി വിമതരുടെ പിടിയില്‍ നിന്ന് മോചിതരായ രണ്ട് മലയാളികളുള്‍പ്പെടെ 14 ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞുപോയ ഭീകര ദിനങ്ങളുടെ നടുക്കുന്ന ഓര്‍മകളുമായി ദുബൈയിലൂടെ മടക്കം. ഞായറാഴ്ച രാത്രി ദുബൈ രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 2ലെത്തിയ ഇവര്‍ രാവിലെ 9.30നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ മുംബൈയിലേയ്ക്ക് മടങ്ങി.

വടകര സ്വദേശി പ്രവീണ്‍ താമകരാന്റവിട, വിഴിഞ്ഞം സ്വദേശി അബ്ദുള്‍ വഹാബ് മുസ്തഫ, ലോഹര്‍ നൈല്‍സ് ധ്‌നാജി, തന്‍മി രാജേന്ദിര, മോഹന്‍ രാജ്, മന്‍രാജ്, എസ്. കെ. ഹിരണ്‍, വകാങ്കര്‍ അഹമ്മദ് അബ്ദുല്‍ ഗഫുര്‍, ഗവാസ് ചേതന്‍ ഹരിചന്ദ്ര, സഞ്ജീവ് കുമാര്‍, ലോഹര്‍ സന്ദീപ് ബാലു, , ജീവരാജ്, ദാവൂദ് മുഹാദ്, വില്യം നിക്കാംഡന്‍, സാരി ഫൈറോസ് നസ്റുദ്ദീന്‍ എന്നിവരാണ് ശനിയാഴ്ച രാത്രി നാട്ടിലേയ്ക്ക് മടങ്ങിയത്.ഇവരില്‍ ഏഴു മഹാരാഷ്ട്ര സ്വദേശികളും രണ്ടു തമിഴ്‌നാട്ടുകാരും ഉത്തര്‍പ്രദേശ്, ബംഗാള്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമുണ്ട്. യെമനില്‍ കഴിഞ്ഞ ഒമ്ബതു മാസത്തോളമായി ഇവര്‍ ഹൂതി വിമതരുടെ പിടിയിലായിരുന്നു. ഇന്ത്യന്‍ അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്നാണ് മോചനം.

ഈ വര്‍ഷം ഫെബ്രുവരി 10നാണ് ഇന്ത്യന്‍ സംഘത്തെ ഹൂത്തി വിമതര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്. ഒമാനില്‍ നിന്ന് സൗദിയിലേയ്ക്ക് ഇവര്‍ യാത്ര ചെയ്ത കപ്പല്‍ യെമന്‍ തീരത്ത് തകരാറിലായതോടെയാണ് സംഭവത്തിന് തുടക്കം. സ്ഥലത്തെത്തിയ ഹൂതി വിമതര്‍ എല്ലാവരെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇന്ത്യക്കാരടക്കം ആകെ 20 പേര്‍ സംഘത്തിലുണ്ടായിരുന്നു. അഞ്ചു ബംഗ്ലാദേശികളും ഒരു ഈജിപ്തുകാരനുമാണ് മറ്റുള്ളവര്‍.

യെമന്‍ തലസ്ഥാനമായ സനയിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം എന്നിവയും സാമൂഹിക പ്രവര്‍ത്തകരുമാണ് പ്രശ്‌നത്തില്‍ ഇടപെട്ടു ഇവര്‍ക്ക് ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. കൈയില്‍ ചെലവിന് പോലും പണം ഇല്ലാതിരുന്ന ഇവര്‍ക്ക് അധികൃതര്‍ 4,900 ദിര്‍ഹം നല്‍കുകയും ചെയ്തു. മറക്കാനാഗ്രഹിക്കുന്ന കരിദിനങ്ങളെക്കുറിച്ച്‌ കൂടുതലൊന്നും പറയാത്ത 14 പേരുടെയും മുഖത്ത് ആശ്വാസത്തിന്റെ വെളിച്ചം പരന്നിരുന്നു.