കാമുകനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ യുവതിയുടെ വിരല്‍ മുറിച്ച്‌ വീട്ടുകാര്‍. കര്‍ണാടകയിലെ ചമരാജ് നഗറിലാണ് പിതാവും സഹോദരനും ചേര്‍ന്ന് 24 വയസ്സുള്ള യുവതിയെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ വിരലുകള്‍ അച്ഛനും സഹോദരനും ചേര്‍ന്ന് മുറിച്ചുമാറ്റുകയായിരുന്നു.

ധനലക്ഷ്മിയും (24), സത്യയും(28) രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയിച്ചയാളെ വിവാഹം ചെയ്ത് ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ച മകള്‍ വിവരം മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം നടക്കണമെന്നായിരുന്നു ധനലക്ഷ്മിയുടെ ആഗ്രഹം. എന്നാല്‍ സത്യയുമായുള്ള വിവാഹത്തിന് രക്ഷിതാക്കള്‍ എതിര്‍ത്തു.

വിവരമറിഞ്ഞ് ധനലക്ഷ്മിയെ കാണാനെത്തിയ പിതാവ് ശിവസ്വാമിയും സഹോദരന്‍ മഹേന്ദ്രയും ചേര്‍ന്ന് യുവതിയെ വഴിയരികില്‍ വെച്ച്‌ മര്‍ദ്ദിക്കുകയും തുടര്‍ന്ന് യുവതിയുടെ നാല് വിരലുകള്‍ അറുത്തുമാറ്റുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ ധനലക്ഷ്മിയുടെ പിതാവിനേയും സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.