ദില്ലി: ഫ്രാന്‍സില്‍ നിന്ന് ടാങ്കര്‍ വിമാനങ്ങള്‍ വാങ്ങാനുളള ഒരുക്കവുമായി ഇന്ത്യന്‍ എയര്‍ഫോഴ്സ്. ഫ്രാന്‍സിന്റെ ഏറ്റവും പുതിയ എയര്‍ബസ് 330 മള്‍ട്ടി റോള്‍ ട്രാന്‍സ്പോര്‍ട്ട് ടാങ്കറുകള്‍ (എം ആര്‍ ടി ടി) ആറെണ്ണം വാങ്ങാനാണ് സൈന്യം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. അവശ്യ സന്ദര്‍ഭങ്ങളില്‍ ഇന്ധന ടാങ്കര്‍ എന്നതിനൊപ്പം സൈനിക നീക്കം, കുടിയൊഴിപ്പിക്കല്‍,എയര്‍ ആംബുലന്‍സ് പാേലുളള ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം എന്നതാണ് എം ആര്‍ ടി ടിയുടെ പ്രത്യേകയായി പറയുന്നത്. ലഡാക്കുപോലുളള ഉയര്‍ന്ന പ്രദേശങ്ങളിലെ വ്യോമതാവളങ്ങളിലും ഇവയുടെ സേവനം പ്രയോജനപ്പെടുത്താനാവും എന്നാണ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ആകാശത്തുവച്ച്‌ ഒരേ സമയം രണ്ട് വിമാനങ്ങള്‍ക്ക് വളരെ വേഗത്തില്‍ ഇന്ധനം നിറയ്ക്കാന്‍ 330 എം ആര്‍ ടി ടി വിമാനങ്ങങ്ങള്‍ക്ക് കഴിയും. പുതിയ എയര്‍ ടാങ്കര്‍ ലഭിക്കുന്നതോടെ റഫേല്‍ ,സുഖോയ് തുടങ്ങി ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ കുന്തമുനകളായ യുദ്ധവിമാനങ്ങളുടെ പെര്‍ഫോമന്‍സ് കൂടുതല്‍ ശക്തമാക്കാനും ഞൊടിയിടയ്ക്കുളളില്‍ ശത്രുക്കള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കാന്‍ കഴിയുകയും ചെയ്യും. ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സില്‍ നിന്ന് റഫേല്‍ വിമാനങ്ങള്‍ എത്തിയത് വ്യോമസേനയെ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.