ഹൈദരാബാദ്: സമയത്ത് ഭക്ഷണം പാചകം ചെയ്ത് നല്‍കാതിരുന്നതിന്റെ പേരില്‍ ഭാര്യയെ കഴുത്തു ഞെരിച്ച്‌ കൊന്ന് 45കാരന്‍. നിലത്ത് അമ്മ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ട മകന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ 45കാരനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തു.

തെലങ്കാനയിലെ മീര്‍പെട്ടിലാണ് സംഭവം. ലോറി ഡ്രൈവറായ ശ്രീനുവിനെതിരെയാണ് കേസ്. ഭാര്യ ജയാമ്മയെയാണ് കൊലപ്പെടുത്തിയത്. 20 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

വെള്ളിയാഴ്ച ജയാമ്മ മകനൊപ്പം കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയി. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രീനുവും പുറത്തുപോയി. തിരിച്ചുവന്ന ശ്രീനു ഭക്ഷണം പാചകം ചെയ്ത് തരാന്‍ ആവശ്യപ്പെട്ടു. കുറച്ചുനേരം കഴിഞ്ഞിട്ടും ഭക്ഷണം പാചകം ചെയ്ത് തരാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഭക്ഷണം പാചകം ചെയ്യാതിരുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് സാരി ഉപയോഗിച്ച്‌ 45കാരന്‍ ഭാര്യയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.