കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ചരക്ക് വിമാനങ്ങളും ഹെലികോപ്ടറുകളും അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി വ്യോമസേന. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ വിതരണത്തിനുള്ള വിശദമായ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് വ്യോമസേനയും തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

മൂന്ന് തരത്തിലുള്ള സംവിധാനമാണ് വ്യോമസേന കൊവിഡ് വാക്സിന്‍ വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്. സി – 17 ഗ്ലോബ്മാസ്റ്റര്‍, സി – 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, ഐ.എല്‍ 76 എന്നീ വമ്ബന്‍ ചരക്ക് വിമാനങ്ങള്‍ ഉപയോഗിച്ചാവും വാക്സിന്‍ നിര്‍മാണ കമ്ബനികളില്‍നിന്ന് വാക്സിന്‍ ശേഖരിച്ച്‌ ശീതീകരണ സംവിധാനമുള്ള 28,000 കേന്ദ്രങ്ങളിലെത്തിക്കുക. അവിടെനിന്ന് ചെറിയ കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ എത്തിക്കാന്‍ എ.എന്‍ 32, ഡോണിയര്‍ വിമാനങ്ങള്‍ ഉപയോഗിക്കും. എ.എല്‍എച്ച്‌, ചീറ്റ, ചിനീക്ക് ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചാവും അവസാന പോയിന്റുകളില്‍ വാക്സിന്‍ എത്തിക്കുക.