ന്യൂദല്‍ഹി: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിനെ തുടര്‍ന്ന് തെലുങ്കാനയില്‍ നിന്ന് ബിജെപില്‍ ചേരാന്‍ കൂടുതല്‍ നേതാക്കള്‍. കോണ്‍ഗ്രസ് നേതാവായ നടി വിജയശാന്തിയാണ് ബിജെപിയിലേക്ക് എത്തുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച്ച നടത്തി. നാളെ ബിജെപിയില്‍ ഔദ്യോഗികമായി ചേരുമെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വിജയശാന്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമാണ് രാജിവച്ചത്. തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനൊപ്പമാണ് വിജയശാന്തി ദല്‍ഹിയില്‍ എത്തിയിരിക്കുന്നത്. ദക്ഷിണ സിനിമയുടെ അമിതാഭ് ബച്ചന്‍ എന്നറിയപ്പെടുന്ന വിജയശാന്തി 2014ലാണ് കോണ്‍ഗ്രസില്‍ എത്തിയത്. സിനിമ വിട്ട് സജീവ രാഷ്ട്രീയത്തിലെത്തിയ നടി 1997ല്‍ ബിജെപിയില്‍ അംഗമായിരുന്നു.

പിന്നീട് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ തെലുങ്കാന രാഷ്ട്രസമിതി നേതാവ് കെ ചന്ദ്രശേഖര റാവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. മെഡക് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ടിആര്‍എസ് ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച അവര്‍ 2009 മുതല്‍ 2014 വരെയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. പിന്നീടാണ് കോണ്‍ഗ്രസില്‍ എത്തിയത്. ഒക്ടോബറില്‍ നടി ഖുശ്ബു കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച്‌ ബിജെപില്‍ ചേര്‍ന്നിരുന്നു.