മുംബൈ: കൊറോണ ഭീതിമൂലം ദക്ഷിണാഫ്രിക്കയിലേക്കുള്ള ക്രിക്കറ്റ് ടീമിന്റെ പരമ്പര മാറ്റിവയ്‌ക്കില്ലെന്ന് ബി.സി.സി.ഐ. ഒമിക്രോൺ ബാധയുടെ പേരിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് സൗരവ് ഗാംഗുലി നീക്കിയത്. അതേ സമയം ടീം ഇന്ത്യ പുറപ്പെടുന്ന സമയം ഒരാഴ്ച വൈകിപ്പിക്കുമെന്ന സൂചനയും ഗാംഗുലി നൽകി. ഇന്ത്യൻ എ ടീം നിലവിൽ ദക്ഷിണാഫ്രിക്കയിൽ പര്യടനം തുടരുകയാണ്.

നിലവിൽ സാഹചര്യങ്ങൾ അത്രവ്യക്തമല്ല. അതിനാൽ തന്നെ പരമ്പരമാറ്റം തീരുമാനിച്ചിട്ടില്ല. ടീം ഇന്ത്യക്ക് പരമ്പര നടക്കണമെന്ന് തന്നെയാണ് ആഗ്രഹം. നിലവിലെ സാഹചര്യത്തിൽ ഗുരുതരമായ എന്തെങ്കിലും വ്യത്യാസം വന്നാൽ മാത്രമേ പരമ്പരയിൽ നിന്നും പിന്മാറാൻ തീരുമാനിക്കുകയുള്ളുവെന്നും ഗാംഗുലി പറഞ്ഞു.

മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 കളും അടങ്ങുന്ന സമ്പൂർണ്ണ പരമ്പരയ്‌ക്കായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. ഈ മാസമാദ്യമാണ് പോകേണ്ടത്. ഡിസംബർ 17ന് ജോഹന്നാസ്ബർഗിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ഏകദിനം ജനുവരി 11നും ആദ്യ ടി20 ജനുവരി 19നുമാണ്. പരമ്പരയ്‌ക്ക് ടീം ഇന്ത്യ പുറപ്പെട്ടാൽ ഇത്തവണത്തെ ക്രിസ്തുമസ്സും പുതുവത്സരാഘോഷങ്ങളും വിരാടിനും രോഹിത് ശർമ്മയ്‌ക്കും രാഹുൽ ദ്രാവിഡിനും ആഫ്രിക്കൻ മണ്ണിലായിരിക്കും.