കോട്ടയം ; പാലായിൽ പാലായിൽ വനിതാ കോടതി ജീവക്കാരിയ്‌ക്ക് നേരെ ആക്രമണം. വിവാഹമോചന കേസുമായി ബന്ധപ്പെട്ട് പെൺവീട്ടുകാർക്ക് കോടതി നിർദ്ദേശം കൈമാറാൻ എത്തിയപ്പോഴാണ് സംഭവം. പാലാ കുടുംബ കോടതി ജീവനക്കാരി റിൻസിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. പൂഞ്ഞാർ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയും വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് പെൺവീട്ടുകാർക്ക് കോടതി ഉത്തരവ് കൈമാറാൻ നേരിട്ടെത്തിയതായിരുന്നു റിൻസി. എന്നാൽ യുവതിയുടെ അച്ഛനും സഹോദരനും ചേർന്ന് വനിതാ ഉദ്യോഗസ്ഥയെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ കുട്ടിയെ കാണാൻ ഭർത്താവിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് വാങ്ങാൻ കുടുംബം വിസമ്മതിച്ചതോടെ ജീവനക്കാരി അത് വീട്ടിൽ പതിക്കാൻ ശ്രമിച്ചു. ഇതാണ് ആക്രമണത്തിന് ഇടയാക്കിയത് എന്നാണ് വിവരം.

ആക്രമണത്തിന് നേതൃത്വം നൽകിയത് പെൺകുട്ടിയുടെ അച്ഛൻ ജെയിംസ് ആണ്. സഹോദരൻ നിഹാലും കൂടെയുണ്ടായിരുന്നു. ഗുമസ്തയെ ജെയിംസ് കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചു. തിരിച്ചറിയൽ കാർഡ് കൈക്കലാക്കാനും ശ്രമം നടത്തി. സംഭവത്തിൽ അച്ഛനെയും മകനെയും പിടികൂടാൻ ഇരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തിയെങ്കിലും അവർ രക്ഷപ്പെട്ടിരുന്നു. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.