ഡിസംബര്‍ 6 ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ അത്ര പ്രാധാന്യമുള്ള ദിവസമൊന്നും അല്ലെങ്കിലും അഞ്ച് മിന്നും താരങ്ങളുടെ ജന്മദിനം ഇന്നാണ് എന്ന പ്രത്യേകതയുണ്ട്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിര സാനിധ്യങ്ങളായ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഒരു ദിവസം തങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നത്. ഇവരോടൊപ്പം മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍.പി സിങ്ങും ഇന്ത്യന്‍ ടീമില്‍ അധികം അവസരം ലഭിച്ചിട്ടില്ലെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ക്ക് സുപരിചിതനായ കരുണ്‍ നായരും ഇന്ന് തന്നെയാണ് പിറന്നാള്‍ ആഘോഷിക്കുന്നത്.

സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ ജസ്പ്രീത് ബുംറ ചുരുങ്ങിയ സമയംകൊണ്ടാണ് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായത്. പല മത്സരങ്ങളും ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ ബുംറയുടെ തീപാറും യോര്‍ക്കറുകള്‍ കാരണമായിട്ടുണ്ട്. 14 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 68 വിക്കറ്റ് നേടിയ ബുംറയുടെ അക്കൗണ്ടില്‍ 67 ഏകദിനങ്ങളില്‍ നിന്ന് 108 വിക്കറ്റുകളും 49 ടി20കളില്‍ നിന്ന് 59 വിക്കറ്റുകളുമുണ്ട്.

രാജ്യാന്തര മത്സരങ്ങളില്‍ 11 വര്‍ഷം പിന്നിട്ട രവീന്ദ്ര ജഡേജ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. മൂന്ന് ഫോര്‍മാറ്റിലും ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാന്‍ സാധിക്കുന്ന താരം ഫീല്‍ഡിങ്ങിലും അവിസ്മരണീയമായ പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ 213 വിക്കറ്റുകളും 1869 റണ്‍സുമാണ് താരത്തിന്റെ സമ്ബാദ്യം. ഏകദിനത്തിലും ടി20യിലും യഥാക്രമം 188 വിക്കറ്റും 2411 റണ്‍സും 39 വിക്കറ്റും 217 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ടീമിലെ പുതുമുഖമാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മിന്നും പ്രകടനവുമായി തിളങ്ങിയ ശ്രേയസ് അയ്യര്‍ 2019ല്‍ നടന്ന വിന്‍ഡീസ് പര്യടനം മുതല്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരസാനിധ്യമാണ്. ദീര്‍ഘകാലമായി നാലാം നമ്ബരില്‍ ഇന്ത്യ നേരിട്ടിരുന്ന പ്രതിസന്ധിക്ക് പരിഹാരമായാണ് ശ്രേയസ് അയ്യര്‍ എത്തുന്നത്. ഇതിനോടകം 21 ഏകദിന മത്സരങ്ങളും അത്രതന്നെ ടി20 മത്സരങ്ങളും ഇന്ത്യയുടെ നീലകുപ്പായത്തില്‍ കളിച്ച ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനുമാണ്.

Wishing you all very Happy birthday
Champions @Jaspritbumrah93 @ShreyasIyer15 @karun126 @imjadeja @rpsingh pic.twitter.com/1pcCz3DnCG

– Kamalsingh