ന്യൂഡൽഹി: ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റെഡ് അലെർട്ടുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ദക്ഷിണ ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ഒഡീഷ തീരത്ത് ചുഴിക്കാറ്റിന്റെ രൂപത്തിൽ എത്തിപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

മുന്നറിയിപ്പിനെ തുടർന്ന് തീരപ്രദേശങ്ങളിലുളള 13 ജില്ലകളിലെ കളക്ടർമാരോട് തയ്യാറെടുപ്പ് നടത്താൻ ഒഡീഷ സർക്കാർ നിർദ്ദേശിച്ചു. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിക്കുന്നത് അടക്കമുളള മുന്നൊരുക്ക നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം. അടിയന്തിര ഘട്ടത്തിൽ ദുരന്ത നിവാരണപ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കുമായി പ്രത്യേക രൂപരേഖ തയ്യാറാക്കിയതായി അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയോടും ഒഡീഷ ദുരന്ത ദ്രുതകർമ്മസേനയോടും തയ്യാറെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് തീരപ്രദേശത്ത് വീശുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്ന് ഒഡീഷ റിലീഫ് കമ്മീഷണർ പി.കെ ജന പറഞ്ഞു. വെളളിയാഴ്ചയോടെ ഇത് മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗം കൈവരിക്കാം. ശനിയാഴ്ച രാവിലെയോടെ ആന്ധ്ര ഒഡീഷ തീരത്തേക്ക് കാറ്റ് കടക്കുമെന്നാണ് മുന്നറിയിപ്പ്. കരയിലേക്ക് എത്തുന്നതോടെ കാറ്റിന് 80 മുതൽ 90 കിലോമീറ്റർ വരെ വേഗം കൈവന്നേക്കാം.

വെളളിയാഴ്ചയോടെ ഒഡീഷയുടെ തെക്കൻ തീരത്തുളള ജില്ലകളിൽ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദ്ദം രൂപപ്പെടുന്നതും സഞ്ചാരപഥവും കൂടുതൽ കൃത്യമായി വിലയിരുത്തി വരികയാണെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തി. കഴിഞ്ഞ മെയിൽ ഉണ്ടായ യാസ് ചുഴലിക്കാറ്റിൽ ഒഡീഷയിൽ വ്യാപക നാശനഷ്ടം നേരിട്ടിരുന്നു.