തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് (കെ.എ.എസ്) ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചു. അടിസ്ഥാന ശമ്പളം 81,800 രൂപയായിരിക്കും. അനുവദനീയമായ ഡി.എ, എച്ച്.ആർ.എ എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. ട്രെയിനിംഗ് കാലയളവിൽ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കൺസോളിഡേറ്റഡ് തുകയായി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മുൻസർവ്വീസിൽ നിന്നും കെ.എ.എസിൽ പ്രവേശിക്കുന്നവർക്ക് പരിശീലന കാലയളവിൽ അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണോ കൂടുതൽ അത് അനുവദിക്കും. 18 മാസത്തെ പരിശീലനമാണ് ഉണ്ടാവുക. ഒരു വർഷം പ്രീ സർവ്വീസ് പരിശീലനവും, സർവീസിൽ പ്രവേശിച്ച് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് മുൻപ് ആറ് മാസത്തെ പരിശീലനവുമുണ്ടാകും.

കെ.എ.എസ് ഉദ്യോഗസ്ഥർക്ക് സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി (ഹയർഗ്രേഡ്) തസ്തികയുടെ ശമ്പളം അനുവദിക്കാനായിരുന്നു നേരത്തേ ആലോചിച്ചിരുന്നത്. എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥർ ഇതിനെ എതിർത്തു. അണ്ടർ സെക്രട്ടറി ഹയർഗ്രേഡിന്റെ ശമ്പള സ്‌കെയിൽ 95,600- 1,53,200 ഉം ആദ്യമായി അണ്ടർസെക്രട്ടറി തസ്തികയിലെത്തുന്നവരുടെ സ്‌കെയിൽ 63,700- 1,23,700ഉം ആണ്. ഇത് രണ്ടിനും ഇടയിലായാണ് കെ.എ.എസുകാരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.