മുംബൈ : ആര്യൻ ഖാനുൾപ്പെട്ട ലഹരിമരുന്ന് കേസിലെ പ്രതി കിരൺ ഗോസാവിയുടെ അറസ്റ്റ് രേഖപ്പെടുത്തി പാൽഗഡ് പോലീസും. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സമാന കേസിൽ പൂനെ പോലീസ് അറസ്റ്റ് ചെയ്ത ഗോസാവി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ പൂനെ, ലഷ്‌കർ, ഫരക്ഷണ പോലീസ് സ്റ്റേഷനിലും ഗോസാവിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫരക്ഷണ പോലീസാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ 12 ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനിടെയാണ് സമാന കേസിൽ നവംബർ 11 ന് ഇയാളെ ലഷ്‌കർ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ കസ്റ്റഡിയിൽ തുടരുന്നതിനിടെയായിരുന്നു പൂനെ പോലീസ് അറസ്റ്റ് ചെയ്തത്.

മലേഷ്യയിൽ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കിരൺ ഗോസാവിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. നാല് ലക്ഷം രൂപയാണ് ഇയാൾ ഇത്തരത്തിൽ തട്ടിച്ചത്. സംഭവത്തിൽ മൂന്ന് പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ആരോപിച്ച് 2018 ലും ഗോസാവിയ്‌ക്കെതിരെ പോലീസിൽ പരാതി ലഭിച്ചിരുന്നു.

ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് കിരൺ ഗോസാവി ശ്രദ്ധേയനായത്. എൻസിബി സംഘം ആര്യനെ അറസ്റ്റ് ചെയ്യുമ്പോൾ ഇയാളും കപ്പലിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ എൻസിബി ഓഫീസിൽ ഇയാൾ എത്തുകയും, സെൽഫി എടുത്ത് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.സംഭവം വിവാദമായതോടെ ഒളിവിൽ പോയ ഗോവാസിയെ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.