തിരുവനന്തപുരം: വ്യാഴാഴ്ച പുലർച്ചെ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ട സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. യഥാവിധി മുന്നറിയിപ്പ് നൽകാതെ രാത്രി തുറന്നുവിടരുതെന്ന ആവശ്യം നിരാകരിച്ച് അണക്കെട്ടിന്റെ പത്ത് ഷട്ടറുകൾ തുറന്ന തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി ഇടപെടുമെന്നും റോഷി അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

തമിഴ്‌നാടിന്റെ സമീപനം നിഷേധാത്മകമാണെന്നും തമിഴ്‌നാട് സർക്കാരിൽ നിന്നും പ്രതീക്ഷിക്കാത്ത നടപടിയാണെന്നും വ്യക്തമാക്കിയ ജലവിഭവമന്ത്രി വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടിനെ അറിയിക്കുമെന്നും പ്രതികരിച്ചു. തമിഴ്‌നാടിന്റെ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഡാം തുറന്നുവിടുമെന്ന കാര്യത്തിൽ മുന്നറിയിപ്പ് ദുരന്ത നിവാരണ നിയമ പ്രകാരം അറിയിക്കേണ്ടതാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142ൽ എത്തിക്കാനുള്ള വ്യഗ്രതയാണ് തമിഴ്‌നാടിന്. 142ന്റെ മുകളിൽ ജലനിരപ്പ് ഉയർന്നാൽ അത് ഒഴുക്കിവിടുന്നത് രാത്രിയാകരുത്. അത്തരമൊരു സാഹചര്യം മുൻകൂട്ടികണ്ട് പകൽ സമയങ്ങളിൽ തന്നെ ജലനിരപ്പ് നിയന്ത്രിക്കാനാണ് തമിഴ്‌നാട് തയ്യാറാകേണ്ടതെന്നും റോഷി അഗസ്റ്റിൻ അറിയിച്ചു.

പത്ത് ഷട്ടറുകൾ രാത്രി തുറന്നതിനെ തുടർന്ന് വള്ളക്കടവിലും വണ്ടിപ്പെരിയാറിലും നിരവധി വീടുകളിലാണ് വെള്ളം കയറിയത്. അർദ്ധരാത്രി സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടി വന്നു. സംഭവത്തെ തുടർന്ന് കടുത്ത പ്രതിഷേധമാണ് പ്രദേശവാസികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതോടെ ഒന്നിന് പിറകെ ഒന്നായി ഒമ്പത് ഷട്ടറുകളും തമിഴ്നാട് അടച്ചിരുന്നു. നിലവിൽ വെള്ളം ഒഴുകി വന്ന പ്രദേശത്ത് പ്രതിഷേധങ്ങൾ തുടരുകയാണ്. ദേശീയ പാത ഉപരോധമടക്കമുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയ പാതയാണ് പെരിയാർ തീരദേശവാസികൾ ഉപരോധിച്ചത്