ന്യൂഡൽഹി: പാർലമെന്റിന് പുറത്ത് ഇന്നും പ്രതിഷേധവുമായി പ്രതിപക്ഷം. 12 എംപിമാരെ അച്ചടക്കലംഘനത്തിന് രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത വിഷയത്തിലാണ് ഗാന്ധിപ്രതിമയ്‌ക്ക് മുൻപിൽ പ്രതിഷേധം നടക്കുന്നത്. സസ്‌പെൻഡ് ചെയ്ത എംപിമാരും ഇന്നലെ ഗാന്ധിപ്രതിമയ്‌ക്ക് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.

സഭയ്‌ക്കുളളിലെ ബഹളത്തിൽ ഇന്നലെയും നടപടികൾ തടസപ്പെടുകയും നിർത്തിവെയ്‌ക്കുകയും ചെയ്തിരുന്നു. ആരോഗ്യമേഖലയിലേക്ക് അടക്കം ആവശ്യമുളള നിർണായക ബില്ലുകൾ മേശപ്പുറത്ത് ഇരിക്കുമ്പോഴാണ് പ്രതിപക്ഷത്തിന്റെ നിരുത്തരവാദപരമായ പ്രതിഷേധം. ബഹളം മൂലം 12 മണി വരെ സഭ നിർത്തിവെച്ചു.

തലയിൽ കറുത്ത ബാൻഡും കറുത്ത മാസ്‌കും ധരിച്ചാണ് പ്രതിഷേധം. തൃണമൂൽ ഉൾപ്പെടെയുളള പാർട്ടി എംപിമാർക്കൊപ്പമാണ് രാഹുൽ പ്രതിഷേധവേദിയിൽ ഇരിക്കുന്നത്. പ്രതിപക്ഷ നേതാവ് ആധിർ രഞ്ജൻ ചൗധരി, കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ട്.

ഡാം സുരക്ഷാ ബിൽ 2019 ഉൾപ്പെടെയാണ് രാജ്യസഭയുടെ അംഗീകാരത്തിനായി സർക്കാർ വെച്ചിരിക്കുന്നത്. ബില്ല് സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ടി ശിവ എംപി നോട്ടീസ് നൽകിയിട്ടുണ്ട്.

ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം എന്നിവരെ ഉൾപ്പെടെയാണ് സസ്‌പെൻ്ഡ് ചെയ്തിരിക്കുന്നത്. വർഷകാല സമ്മേളനത്തിന്റെ അവസാന ദിനം സഭയുടെ അച്ചടക്കത്തിന് നിരക്കാത്ത രീതിയിൽ പെരുമാറിയതിനാണ് നടപടി.