ലതേഹർ: ഭീകരർ സ്‌ഫോടനം നടത്താൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഝാർഖണ്ഡിലെ 14 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. സർക്കാർ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും സ്‌ഫോടനങ്ങൾ നടത്താനും ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് എൻഐഎ റെയ്ഡ്. ഝാർഖണ്ഡിലെ റാഞ്ചി, ലതേഹർ, ഛത്ര എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് റെയ്ഡ്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവരുടെ വീടുകളിലും ചില കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടത്തുന്നതെന്ന് എൻഐഎ വ്യക്തമാക്കി.

ഡിജിറ്റൽ രേഖകളും, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ചില തെളിവുകളും ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ലതേഹറിലെ ബലുമത് പോലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ ഡിസംബർ 19നാണ് ഇതുമായി ബന്ധപ്പെട്ടുള്ള യഥാർത്ഥ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ലതേഹറിലെ ചില ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നുണ്ടെന്നും, സ്‌ഫോടനത്തിനും സർക്കാർ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും ഇവർ ശ്രമിക്കുന്നുമുണ്ടെന്ന വിവരത്തെ തുടർന്നാണ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്.

സുജിത് സിൻഹ, അമൻ സാഹു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിലെന്നായിരുന്നു ആരോപണം. തെതരിയാഘദിൽ ഇവരുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ നശിക്കുകയും ചെയ്തിരുന്നു. ഈ വർഷം മാർച്ച് നാലിന് ഈ കേസ് വീണ്ടും റീ രജിസ്റ്റർ ചെയ്തു. ഈ വർഷം ഓഗസ്റ്റ് അഞ്ചിനാണ് എൻഐഎ കേസിൽ ചാർജ് ഷീറ്റ് സമർപ്പിച്ചത്. 17 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.