ദിസ്പൂർ ; അസമിൽ വിദ്യാർത്ഥി സംഘടനാ നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി കൊല്ലപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വാഹനമിടിച്ചാണ് മരിച്ചത്. നീരജ് ദാസ് എന്നയാളാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.

ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ(എഎഎസ്‌യു) നേതാവ് അനിമേഷ് ഭുയാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. അസമിലെ ജോർഹത്തിൽ വെച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് അനിമേഷിനെ ആളുകൾ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്. പട്ടാപ്പകൽ നടുറോഡിലിട്ട് അനിമേഷിനെ ഇവർ അടിച്ച് കൊല്ലുകയായിരുന്നു. കേസിൽ പോലീസ് 13 പേരെ അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. എന്നാൽ ചോദ്യം ചെയ്യലിനിടെ നാകചാരിയിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് നീരജ് ദാസ് വെളിപ്പെടുത്തിയതായി ജോർഹത് എസ്പി അൻകൂർ ജെയിൻ പറഞ്ഞു. ഇത് അന്വേഷിക്കാനായി രാത്രി 1.30 മണിക്ക് പ്രതിയെയും കൊണ്ട് ജീപ്പിൽ പോകുന്നതിനിടെയായിരുന്നു സംഭവം.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും ഇയാൾ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. കാറിന്റെ പുറകിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച നീരജ് ദാസിനെ പുറകെ എസ്‌കോർട്ട് വന്ന പോലീസ് വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട വാഹനം സമീപത്തുള്ള മതിലിൽ ഇടിച്ചു. പ്രതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് പോലീസ് അറിയിച്ചു.