കൊച്ചി: സന്തോഷ് ട്രോഫി യോഗ്യതാ പോരാട്ടത്തിൽ കേരളത്തിന് വിജയത്തുടക്കം. കലൂർ സ്റ്റേഡിയത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കേരളം തകർത്തത്. കേരളത്തിനായി നിജോ ഗിൽബർട്ട്, ജെസിൻ, എസ്.രാജേഷ്, അർജ്ജുൻ ജയരാജ് എന്നിവരാണ് ഗോൾ നേടിയത്. ഒരെണ്ണം ലക്ഷദ്വീപിന്റെ സെൽഫ് ഗോളായിരുന്നു.

മത്സരത്തിന്റെ നാലാം മിനിറ്റിൽ കേരളം ലീഡ് നേടി. പെനാൽറ്റി മുതലാക്കി നിജോയാണ് ആദ്യ ഗോൾ നേടിയത്. 12-ാം മിനിറ്റിൽ ജസിൻ ലീഡ് രണ്ടാക്കി ഉയർത്തി. പിന്നാലെ പരുക്കൻ കളി പുറത്തെടുത്തതോടെ ലക്ഷദ്വീപ് ക്യാപ്റ്റൻ ഉബൈദുള്ള ചുവപ്പുകാർഡ് കണ്ടതോടെ കേരളം മുന്നേറ്റം ശക്തമാക്കി. മൂന്നാമത്തെ ഗോളാണ് ലക്ഷദ്വീപിന്റെ വക സ്വന്തം വലയിൽ വീണത്.

നാലാമത്തെ ഗോൾ 82-ാം മിനിറ്റിൽ രാജേഷും അഞ്ചാമത്തെ ഗോൾ ഇഞ്ച്വറി ടൈമിൽ അർജ്ജുൻ ജയരാജും നേടി. വെള്ളിയാഴ്ച പോണ്ടിച്ചേരിക്കും ഞായറാഴ്ച ആന്തമാനിനെതിരേയുമാണ് കേരളത്തിന്റെ അടുത്ത ഗ്രൂപ്പ് മത്സരങ്ങൾ. 22 അംഗടീമുമായിട്ടാണ് കേരളം സന്തോഷ് ട്രോഫി യോഗ്യതാ മത്സരം കളിക്കാനിറങ്ങിയിട്ടുള്ളത്. ഇതിൽ 13 പേരും പുതുമുഖങ്ങളാണ്. ബിനോ ജോർജ്ജാണ് പരിശീലകൻ.