മുംബൈ: രാജ്യം ഭരിക്കുന്ന പാർട്ടിയെ അടുത്ത തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൽ ഏതെല്ലാം പ്രതിപക്ഷ നേതാക്കളെ കൂട്ടണമെന്ന ആശയകുഴപ്പത്തിലാണ് മമത ബാനർജി. കോൺഗ്രസിനെ കൂട്ടാനും വയ്യ, ബിജെപിയെ തോൽപ്പിക്കുകയും വേണം. മറ്റ് പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ ഐക്യപ്പെട്ട് വരുമ്പോൾ ഇടങ്കോലിടുന്ന പ്രതികരണമാണ് നിലവിൽ തൃണമൂല് നേതാവ് നടത്തിയത്.

രാജ്യത്ത് ഇപ്പോൾ യുപിഎ ( യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) ഇല്ലെന്ന പ്രതികരണമാണ് എൻസിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയത്. ബംഗാളിൽ കോൺഗ്രസിന് മത്സരിക്കാമെങ്കിൽ ഗോവയിൽ തൃണമൂലിനും തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാനാകുമെന്നും ഇന്ത്യയിൽ ബിജെപിയുടെ രാഷ്‌ട്രീയം ഇല്ലാതാകുന്നത് കാണണമെന്നും മമത വ്യക്തമാക്കി. എൻസിപി നേതാവുമായുള്ള ചർച്ചയ്‌ക്ക് ശേഷം മുംബൈയിൽ മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മമതാ ബാനർജി.

എന്നാൽ തൃണമൂൽ നേതാവിന്റെ യുപിഎ ഇല്ലെന്ന പരാമർശം വന്നതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസിനെ കൂടാതെ ബിജെപിയെ തോൽപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറും സ്വപ്‌നം മാത്രമാണ്. ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ യഥാർത്ഥ അവസ്ഥയെന്തെന്ന് എല്ലാവർക്കുമറിയാമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

അതേസമയം മമതയുമായി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായും കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ പ്രതികരിച്ചു. ബിജെപിയെ എതിർക്കുന്ന എല്ലാവർക്കും പാർട്ടിയിലേക്ക് സുസ്വാഗതമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസ് പാർട്ടിയെ ഒഴിവാക്കാൻ മമതയെ പോലെ ആഗ്രഹിക്കുന്നില്ലെന്ന കാര്യവും എൻസിപി നേതാവ് വ്യക്തമാക്കി. ആരെയും ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ബിജെപിക്കെതിരെ എല്ലാവരും ഒന്നിക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും ശരദ് പവാർ പറഞ്ഞു.

മഹാരാഷ്‌ട്രയിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളുമായി നിരന്തര കൂടിക്കാഴ്ച നടത്തുകയാണ് തൃണമൂൽ നേതാവായ മമത ബാനർജി. കഴിഞ്ഞ ചൊവ്വാഴ്ച ശിവസേന നേതാക്കളായ ആദിത്യ താക്കറെ, സഞ്ജയ് റാവത്ത് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.