കൊച്ചി ; ലക്ഷദ്വീപിന്റെ ഏറ്റവും വലിയ യാത്രാ കപ്പലായ എംവി കവരത്തിയിൽ തീപ്പിടുത്തം. ആന്ത്രോത്ത് ദ്വീപിന് സമീപത്താണ് സംഭവം. യാത്രാ മദ്ധ്യേ എൻജിനിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. 624 യാത്രക്കാരും 85 ജീവനക്കാരും കപ്പലിലുണ്ട്. തീപ്പിടുത്തതിൽ ആളപായമില്ല.

കവരത്തിയിൽ നിന്ന് ആന്ത്രോത്തിലേക്ക് പോകുന്ന വഴിയാണ് എൻജിന് തീപ്പിടിച്ചത്. തുടർന്ന് കപ്പലിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നിലവിൽ കവരത്തി ദ്വീപിൽ നിന്നും 29 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ ഉള്ളത്. രക്ഷാപ്രവർത്തനത്തിനായി ലക്ഷദ്വീപിന്റെ മറ്റൊരു യാത്രാ കപ്പലായ എംവി കോറൽ , ചരക്ക് കപ്പലായ സാഗർ യവ്വരാജ്, കേസ്റ്റ് ഗാർഡിന്റെ ഒരു കപ്പലും സംഭവസ്ഥലത്തേക്ക് പോയി. നിലവിൽ അപകട നില നിയന്ത്രണ വിധയമായതായി തുറമുഖ വകുപ്പ് വ്യക്തമാക്കുന്നു.

കപ്പലിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചു. സംഭവസ്ഥലത്ത് നിന്നും എംവി കവരത്തി കപ്പലിനെ കെട്ടിവലിച്ചുകൊണ്ട് ആന്ത്രോത്ത് ദ്വീപിലെക്കെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തുടർന്ന് ഇതിനെ കൊച്ചി തുറമുഖത്തേക്ക് എത്തിക്കാനാണ് തീരുമാനം