തിരുവനന്തപുരം ; മുസ്ലീം ലീഗിന്റെ ലക്ഷ്യം വർഗീയ ചേരിതിരിവ് ഉണ്ടാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പളളികൾ രാഷ്‌ട്രീയ പ്രതിഷേധത്തിനുള്ള വേദിയാക്കുകയാണ് ലീഗ് ചെയ്യുന്നത്. ഇത് അത്യന്തം അപകടകരമാണെന്നും സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതിൽ പ്രതിഷേധിച്ച് പള്ളികൾ കേന്ദ്രീകരിച്ചുള്ള മുസ്ലിം ലീഗിന്റെ സർക്കാർ വിരുദ്ധ പ്രചാരണത്തിന് എതിരെയാണ് സിപിഎം ആരോപണം.

മുസ്ലീം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള ലീഗ് നീക്കം വൻ പ്രത്യാഘാതമുണ്ടാക്കും. വർഗീയ ചേരിതിരിവിനും മതധ്രുവീകരണത്തിനും ഇത് കാരണമാകും. മുസ്ലീം ലീഗിന്റെ വർഗീയ നിലപാട് ഇതിലൂടെ ഒരിക്കൽ കൂടി തെളിയുകയാണ്. പള്ളികൾ രാഷ്‌ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്നും രാഷ്‌ട്രീയലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം ആരും അംഗീകരിക്കില്ലെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതാണ് ലീഗിന്റെ നീക്കത്തിന് കാരണം. ഈ പ്രശ്‌നം മുസ്ലീം മതസംഘടനകളുടെ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. ആളുകളെ സർക്കാരിനെതിരെ ഇളക്കി വിടാമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന ലക്ഷ്യത്തോടെയാണ്. മതേതര പാർട്ടിയാണെന്ന ലീഗിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞുവെന്നും സിപിഎം വ്യക്തമാക്കി.