മുംബൈ: ഐപിഎല്ലിൽ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ നില നിർത്തിയ താരങ്ങൾക്ക് വൻതുക. ഐപിഎല്ലിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർ നായകനായ മഹേന്ദ്ര സിംഗ് ധോണിയെ പിന്തള്ളി ചെന്നൈ സൂപ്പർ കിംഗ്‌സ് ആദ്യം നിലനിർത്തിയത് ജഡേജയെയാണ് എന്നതാണ് ആരാധകരെ ഞെട്ടിച്ചത്. ഇതിനൊപ്പം വിദേശതാരങ്ങളിൽ് ന്യൂസിലന്റ് നായകൻ കെയിൻ വില്യംസണിനെ വൻതുക മുടക്കി ഹൈദരാബാദ് നിലനിർത്തി. രണ്ട് വിദേശതാരങ്ങളടക്കം നാല് പേരെ മുൻ ടീമിൽ നിന്നും നിലനിർത്താമെന്നതിനാലാണ് ടീമുകൾ ഇന്നലെ പട്ടിക സമർപ്പിച്ചത്. താരങ്ങളുമായി പുതിയ സീസണിൽ ഉറപ്പിക്കുന്ന കരാർ തുക അടക്കമാണ് ടീമുകൾ പുറത്തുവിട്ടത്.

ചെന്നൈ പ്രതീക്ഷിച്ച പോലെ ധോണിക്കും ജഡേജയ്‌ക്കുമൊപ്പം ഓപ്പണർ ഋതുരാജ് ഗേയ്ക് വാദിനേയും മൊയീൻ അലിയേയും നിലനിർത്തി. മികച്ച ഫോമിലുള്ള രവീന്ദ്രജഡേജയെ ആദ്യം പരിഗണിച്ചതിനാൽ 16 കോടിരൂപയാണ് ലഭിക്കുക. ധോണിക്ക് 12 കോടിയും മൊയീൻ അലിക്ക് 8 കോടിയും ഋതുരാജിന് 6 കോടിയും ഉറപ്പിച്ചു.

മലയാളി താരം സഞ്ജു വി സാംസണിനെ ക്യാപ്റ്റനാക്കി നിലനിർത്തിയ രാജസ്ഥാൻ 14 കോടിക്ക് കരാർ മുന്നേതന്നെ ഉറപ്പിച്ചിരുന്നു. ഒപ്പം ജോസ് ബട്‌ലറും(10 കോടി), യശ്വസ്വി ജയ്‌സ്വാൾ(4 കോടി) എന്നിവരേയും ഉറപ്പിച്ചു.

കൊൽക്കത്ത രണ്ട് വിദേശതാരങ്ങളെ നിലനിർത്തി. വിൻഡീസിന്റെ ബാറ്റിംഗ് കരുത്തൻ ആന്ദ്രേ റസ്സലിനെ ആദ്യ പേരായി പ്രഖ്യാപിച്ചതോടെ 12 കോടിക്കാണ് കരാർ ഉറപ്പിച്ചത്. വെങ്കടേഷ് അയ്യർ, വരുൺ ചക്രവർത്തി എന്നിവരെ 8 കോടിക്കും സുനിൽ നരെയിനെ 6 കോടിക്കുമാണ് നിലനിർത്തിയത്.

ഡൽഹി ഋഷഭ് പന്തിനെ 16 കോടിക്ക് നിലനിർത്തി. അക്ഷർ പട്ടേൽ(9 കോടി), പൃഥ്വി ഷാ(7.5 കോടി), ആന്റിച്ച് നോർച്ചേ(6.5 കോടി) എന്നിവരെയാണ് ടീമിൽ ഉറപ്പിച്ചത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്ഥാനമൊഴിഞ്ഞിട്ടും മുൻ നായകൻ വിരാട് കോഹ്‌ലിയെ 15 കോടിക്കു തന്നെ നിലനിർത്തി. ഒപ്പം സ്റ്റാർ വിദേശതാരം ഗ്ലെൻ മാക്‌സ്‌വെല്ലിനെ 11 കോടിയ്‌ക്കും ഉറപ്പിച്ചു. മുഹമ്മദ് സിറാജിനേയും(6 കോടി) ബാംഗ്ലൂർ നിലനിർത്തി.

മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മ(16 കോടി), ബൂമ്ര(12), സൂര്യകുമാർ യാദവ്(8) പൊള്ളാർഡ്(6) എന്നിങ്ങനെയാണ് നാലുപേരെ നിലനിർത്തിയത്. സൺറൈസേഴ്‌സ് കെയിൻ വില്യംസണൊപ്പം പേസ് ബൗളർ ഉമ്രാൻ മാലിക്കിനേയും(4), അബ്ദുൾ സമദിനേയും(4) നിലനിർത്തി. പഞ്ചാബ് കിംഗ്‌സ് മായങ്ക് അഗർവാളിനേയും(12) പേസ് ബൗളർ അർഷദീപ് സിംഗിനേയും(4)കൈവിട്ടില്ല.

നാലുതാരങ്ങളെ നിലനിർത്തുന്ന പട്ടിക സമർപ്പിച്ച ശേഷവും തുക മിച്ചം പിടിച്ചവരിൽ മുമ്പൻ 72 കോടി കൈവശമുള്ള പഞ്ചാബാണ്. ചെന്നൈ(48), കൊൽക്കത്ത(48), മുംബൈ(48),രാജസ്ഥാൻ(62), ബാംഗ്ലൂർ(57),ഹൈദരാബാദ്(68) എന്നിങ്ങനെയാണ് ടീമുകളുടെ കയ്യിലുള്ള തുക. കുറവ് തുക കയ്യിലുള്ളത് 47.50 കോടി കൈവശമുള്ള ഡൽഹി ക്യാപ്പിറ്റൽസാണ്.