വെസ്റ്റ് വെര്‍ജിനിയ: പാര്‍ക്കിങ് പരാതി അന്വേഷിക്കുന്നതിനിടെ മുഖത്ത് വെടിയേറ്റ് ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. വെസ്റ്റ് വെര്‍ജിനിയ പൊലീസ് ഉദ്യോഗസ്ഥയായ കേസി ജോണ്‍സണ്‍(28) മരിച്ചതായി സിറ്റി ഓഫ് ചാള്‍സ്റ്റണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബാണ് കേസി ജോണ്‍സണ് വെടിയേറ്റത്. തന്റേതല്ലാത്ത പാര്‍ക്കിങ് ലോട്ടില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അന്വേഷിക്കുന്നതിന് വേണ്ടിയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്ഥലത്തെത്തിയത്. ഇതേ കുറിച്ച്‌ ചോദിച്ചപ്പോള്‍ പ്രതിയായ ജോഷ്വ ഫിലിപ്പ്(38) ഉദ്യോഗസ്ഥയുമായി തര്‍ക്കിച്ചു. തുടര്‍ന്ന് ഇയാള്‍ തന്റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് കേസിയുടെ മുഖത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കേസിയും തിരിച്ച്‌ വെടിവെച്ചു. പരിക്കേറ്റ ഫിലിപ്പ് ചികിത്സയിലാണ്. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് കേസി മരിച്ചത്. 2017ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച കേസി 2019ലാണ് പട്രോള്‍ ഓഫീസറായി ചാര്‍ജെടുത്തത്.