കൊച്ചി: ഭർതൃവീട്ടിൽ മൊഫിയ പർവീൺ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് സുഹൃത്തുക്കൾ. കൂടാതെ മൊഫിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ഇതിന് തെളിവായി ലഭിച്ചു. എപ്പോഴും ചിരിച്ച് കളിച്ച് എല്ലാത്തിലും ഊർജത്തോടെ ഇടപെട്ടിരുന്ന അവൾ ജിവനൊടുക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

‘എന്താണ് നിനക്ക് പറ്റിയതെന്ന് എല്ലാവരും ചോദിക്കുന്നു. എന്നെ വിലയിരുത്തുന്നതിന് പകരം സഹായിക്കണം. നീതി ലഭിക്കാൻ നിങ്ങൾ എല്ലാവരും എനിക്കൊപ്പം നിൽക്കണം’ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് മൊഫിയ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിവ. കരഞ്ഞ് തളർന്ന ദൃശ്യങ്ങൾക്കൊപ്പമാണ് മൊഫിയ ഈ വാക്കുകൾ കുറിച്ചത്.

ഭർത്താവിൽ നിന്നും, ഭർതൃമാതാവിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ എല്ലാം മൊഫിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. പിന്നാലെ ഇവയെല്ലാം കൂട്ടുകാരുമായും പങ്കുവെച്ചു. ഭർത്താവ് സുഹൈൽ പറഞ്ഞു പറ്റിച്ചുവെന്നും, ഇനിയും പിടിച്ചുനിൽക്കാൻ പറ്റില്ലെന്നും. ഭർത്താവ് വിവാഹമോചനത്തിന് നിർബന്ധിക്കുന്നുവെന്നും മൊഫിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. മൊഫിയയുടെ വേർപാടിൽ ഉള്ളുനീറി സുഹൃത്തുക്കൾ ഇക്കാര്യം അറിയിച്ചു.

മൊഫിയ കഴിവുറ്റ ഒരു ചിത്രകാരിയായിരുന്നു. മൈലാഞ്ചിയിടാനും മിടുക്കി. സുഹൈൽ അവളെ പറ്റിച്ചുകൊണ്ടിരുന്നു. ഭർതൃമാതാവ് അവളെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. സഹപാഠികളുടെ മൊഴിയെടുത്ത പോലീസ് ഇൻസ്റ്റഗ്രാം പോസ്റ്റുകൾ തെളിവായി സ്വീകരിക്കും. എന്നാൽ സുഹൈലും വീട്ടുകാരും പാവങ്ങളാണെന്നാണ് അയൽവാസികളുടെ മൊഴി.