ഡല്‍ഹി: 25കാരനായ ഇന്ത്യന്‍ യുവാവ് ഡിസൈന്‍ ചെയ്ത വജ്ര മോതിരം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി. പൂവിന്റെ ആകൃതിയിലുള്ള ഈ മോതിരത്തിന്റെ സവിശേഷത 12,638 വജ്രങ്ങള്‍ കൊണ്ടാണ് ഇത് നിര്‍മിച്ചത് എന്നതാണ്. ജ്വല്ലറി ഡിസൈനറായ ഹര്‍ഷിത് ബന്‍സലാണ് ഇതിന്റെ സൃഷ്ടാവ്.

ഏറ്റവും കൂടുതല്‍ വജ്രം ഉപയോഗിച്ച്‌ നിര്‍മിച്ച മോതിരമെന്ന ഗിന്നസ് റെക്കോര്‍ഡാണ് ഹര്‍ഷിതിന്റെ ഈ സൃഷ്ടി സ്വന്തമാക്കിയത്. 7,801 വജ്രങ്ങള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച മോതിരത്തിനായിരുന്നു ഇതുവരെ ഈ പെരുമ. അതും ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കപ്പെട്ടത്.

‘ദി മാരിഗോള്‍ഡ്- ഐശ്വര്യത്തിന്റെ മോതിരം’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 165 ഗ്രാം മാത്രമാണ് ഇതിന്റെ തൂക്കം. എട്ട് പാളികളിലായാണ് പൂവിന്റെ ആകൃതിയില്‍ മോതിരം ഡിസൈന്‍ ചെയ്തത്. ഇതിലെല്ലാം നിറയെ കുഞ്ഞു കുഞ്ഞു വജ്രങ്ങളാണ് നിറച്ചിരിക്കുന്നത്.

ഈ അമൂല്യ സൃഷ്ടി വില്‍ക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് ഹര്‍ഷിത് പറയുന്നു. തന്റെ നീണ്ട കാലത്തെ സ്വപ്‌നമാണ് ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടത്. രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യയിലെ വജ്ര തലസ്ഥാനമായ ഗുജറാത്തിലെ സൂററ്റില്‍ ജ്വല്ലറി ഡിസൈന്‍ പഠിക്കുന്ന കാലത്താണ് ആശയം മനസില്‍ രൂപപ്പെട്ടത്.

10,000 വജ്രങ്ങള്‍ ഉപയോഗിച്ച്‌ മോതിരം നിര്‍മിക്കാനായിരുന്നു പദ്ധതി. രണ്ട് വര്‍ഷത്തിനിടെ നിരവധി രൂപങ്ങള്‍ മനസില്‍ തെളിഞ്ഞു. എന്നാല്‍ അതൊന്നും നടപ്പിലായില്ല. പിന്നീടാണ് ഇപ്പോഴത്തെ ആകൃതിയായ പൂവ് എന്ന സങ്കല്‍പ്പത്തിലേക്ക് എത്തിയത് ഹര്‍ഷിത് വ്യക്തമാക്കി.