വാഷിംഗ്ടണ്‍: പ്രസിഡന്റെ് തെരഞ്ഞെടുപ്പ് ഫലങ്ങളെച്ചൊല്ലി റിപ്പബ്ലിക്കുകളുടെ കോടതി വ്യവഹാരം തുടരുന്നു. ജോര്‍ജ്ജിയയിലെ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് അവസാനം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടിംഗി നെച്ചൊല്ലി നല്‍കിയ എല്ലാ ഹര്‍ജികളും കോടതി പരിശോധിച്ച്‌ തള്ളിയ ശേഷമാണ് അവസാന വട്ട ശ്രമത്തിനായി ട്രംപും പാര്‍ട്ടിയും ശ്രമിക്കുന്നത്.

ജോര്‍ജ്ജിയയില്‍ വോട്ടിംഗില്‍ തട്ടിപ്പു നടന്നുവെന്നാണ് ട്രംപും റിപ്പബ്ലിക്കന്‍ നേതാക്കളും ആവര്‍ത്തിച്ച്‌ പരാതിപ്പെടുന്നത്. എന്നാല്‍ ജോ ബൈഡന് മുന്‍തൂക്കം കിട്ടിയ പ്രദേശത്ത് യാതൊരു ക്രമക്കേടും പ്രഥമദൃഷ്ട്യാ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ജോര്‍ജ്ജിയയുടെ സെക്രട്ടറിയും റിപ്പബ്ലിക്കനുമായ ബ്രാഡ് റാഫെന്‍സ്‌പെര്‍ഗര്‍ഗും പറഞ്ഞതിന് പിറകേയാണ് വീണ്ടും നിയമനടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നെവാദയിലെ പരാതിയില്‍ രൂക്ഷവിമര്‍ശനമാണ് ട്രംപിനും കൂട്ടര്‍ക്കും കോടതിയില്‍ നിന്നും കേള്‍ക്കേണ്ടിവന്നത്. പരാതി നല്‍കുന്നവര്‍ മാന്യമായി പരാതിക്ക് ആധാരമായ കേസിന് തെളിവുകളും സമര്‍പ്പിക്കാനുള്ള സാമാന്യ യുക്തികാണിക്കണമെന്നാണ് കോടതി വിമര്‍ശിച്ചത്. ഒപ്പം കേസ്സിന് വിളിച്ചുവരുത്തുന്നവരുടെ ചിലവെങ്കിലും വഹിക്കാന്‍ തയ്യാറാകണമെന്നും പരിഹസിച്ചു.