കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഫ്ലാറ്റിന്റെ ആറാം നിലയില്‍നിന്ന് സാരികള്‍ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിച്ച്‌ താഴെ വീണ സ്ത്രീയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സേലം സ്വദേശിനി കുമാരി(55) ആണ് ഇന്നു പുലര്‍ച്ചെ ലിങ്ക് ഹൊറൈസണ്‍ എന്ന ഫ്ലാറ്റില്‍നിന്നും താഴേക്ക് വീണനിലയില്‍ കണ്ടെത്തിയത്. ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ്ലാറ്റിലെ ജോലിക്കാരിയായിരുന്നു കുമാരി. രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ അപകടത്തില്‍പ്പെട്ടതായിരിക്കാമെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അടുക്കളയിലായിരുന്നു ഇവരുടെ കിടപ്പ്. എന്നാല്‍ രാവിലെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുടമ നടത്തിയ അന്വേഷണത്തിലാണ് കുമാരിയെ താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നുത്. ഇവരെ ആദ്യം ജനറല്‍ ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലേക്കും മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ഒരാഴ്ച മുന്‍പാണ് ഇവര്‍ നാട്ടില്‍ പോയി മടങ്ങിയെത്തിയതെന്നാണ് വീട്ടുടമ പറയുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി വീട്ടുടമയെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.