ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയാണ് ഇക്കാര്യം അറിയിച്ചത്. ഇതേ ദിവസംതന്നെ ഭൂമിപൂജയും പ്രധാനമന്ത്രി നിര്‍വഹിക്കും. ഓം ബിര്‍ല ഇന്ന് ഉച്ചയ്ക്കുശേഷം വസതിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായി ക്ഷണിച്ചു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി ഡിസംബറില്‍ ആരംഭിക്കും. 2022 ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ത്രികോണ ആകൃതിയിലാണ് പുതിയ കെട്ടിടമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നതിന് സമീപമാണ് പുതിയ മന്ദിരവും പണി കഴിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ടാറ്റ പ്രോജക്‌ട്‌സ് ലിമിറ്റഡിനാണ് 861.90 കോടി രൂപ ചെലവിട്ടു പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. മന്ത്രിമാരുടെയും എംപിമാരുടെയും ഓഫിസുകളടക്കം പുതിയ കെട്ടടത്തിലുണ്ടാകും. ലോക്‌സഭാ ചേംബറില്‍ 888 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ടാകും. രാജ്യസഭയില്‍ 384 പേര്‍ക്കുള്ള ഇരിപ്പിടവും.