കൊച്ചി: മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാൻഡിൽ. മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ(27), ഭർതൃമാതാവ് റുഖിയ(55), പിതാവ് യൂസഫ്(63) എന്നിവരെയാണ് 14 ദിവസത്തേക്ക് പ്രതികളെ റിമാൻഡ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. മൂന്നുപേരെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രിയാണ് ഒളിവിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി 10.30ഓടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. സംഘർഷസാധ്യത പരിഗണിച്ച് അതീവ സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. പിന്നീട് മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയായിരുന്നു. അതേസമയം പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിക്കും. ഐപിസി 304(ബി), 498(എ), 306, 34 എന്നീ വകുപ്പുകൾ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാപ്രേരണ, വിവാഹിതയ്‌ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.